'ഇടുക്ക്' എന്ന വക്കിൽ നിന്നുമുണ്ടായ ഇടുക്കി| idukki | Anweshanam

google news
'ഇടുക്ക്' എന്ന വക്കിൽ നിന്നുമുണ്ടായ ഇടുക്കി| idukki | Anweshanam

രണ്ട് ഇടുങ്ങിയ സ്ഥലങ്ങൾ ഒരുമിച്ചു ചേർന്ന്  ഇടുക്ക് എന്ന വാക്കിൽ നിന്നും 'ഇടുക്കി' ഉണ്ടായതായി പറയപ്പെടുന്നു. ജില്ലയുടെ മുന്‍ചരിത്രം വ്യക്തമല്ല. പുരാതന കാലഘട്ടത്തെപ്പറ്റിയും വേണ്ടത്ര തെളിവുകള്‍ ലഭ്യമായിട്ടില്ല. മലനിരകളില്‍ കാണപ്പെടുന്ന വൃത്താകൃതിയിലുള്ള നിലവറകള്‍ (പാണ്ടുകുഴികള്‍), ശവക്കല്ലറകള്‍, സ്തംഭങ്ങൾ, കല്ലുകൊണ്ടുള്ള കുഴിമാടങ്ങൾ മുതലായവ മെഗാലിത്തിക് കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്നു. 

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി.വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ട നാടുകൂടിയാണ് ഇടുക്കി. 

ദേവികുളം താലൂക്കിലെ അഞ്ചുനാട് വാലിയിലെ മറയൂര്‍, വണ്ടിപ്പെരിയാറിനടുത്തുള്ള തേങ്ങാക്കല്‍, ബൈസണ്‍വാലി, തൊണ്ടാര്‍മലൈ മുതലായ മേഖലകളില്‍ സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിയ ഉല്‍ഖനനങ്ങൾ ചരിത്രാതീതകാലത്തുണ്ടായിരുന്ന സംസ്കാരത്തെപ്പറ്റി വ്യക്തമായ സൂചന നല്‍കുന്നു. ഈ തെളിവുകളെല്ലാം വിരല്‍ചൂണ്ടുന്നത് ഈ ജില്ലക്ക് പുരാതനകാലത്ത് സുഗന്ധവ്യജ്ഞനങ്ങളുടെ കച്ചവടത്തില്‍ ഉണ്ടായിരുന്ന പ്രാധാന്യത്തിലേക്കാണ്. കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളുടെ കച്ചവടത്തിൽ കേരളത്തിലെ മറ്റെല്ലാ ജില്ലകളെക്കാളും മുന്‍പിലായിരുന്നു ഇടുക്കി.

മുന്‍ ചേര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കുഴുമൂർ ഇന്നത്തെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കുമളിയായിരുന്നുവെന്ന് ചില ചരിത്രകാരന്‍മാർ വിശ്വസിക്കുന്നു. കുലശേഖരന്‍മാരുടെ ഭരണകാലത്ത് ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകള്‍ ഉള്‍പ്പെട്ട നന്തുസൈനാടും വെമ്പൊലിനാടും കോട്ടയം ജില്ല മുഴുവനായുള്ള മഞ്ചുനാടും തൊടുപുഴ താലൂക്ക് ഉള്‍പ്പെട്ട കുഴുമേലൈനാടും കുലശേഖര സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഏതാണ്ട് 1100- എ.ഡി യോടുകൂടി വെമ്പൊലിനാട്, വടക്കുംകൂര്‍, തെക്കുംകൂര്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയും തൊടുപുഴ താലൂക്കിലെ കാരിക്കോട്, വടക്കുംകൂര്‍ രാജാക്കന്‍മാരുടെ ആസ്ഥാനമായി മാറുകയും ചെയ്തു. ഈ വടക്കുംകൂര്‍ രാജാക്കന്‍മാര്‍ ഒരു നീണ്ട കാലയളവ് മുഴുവനും പെരുമ്പടപ്പ് സ്വരൂപത്തിന് കീഴിലായിരുന്നു. അക്കാലത്ത് തെക്കുംകൂറായിരുന്നു ഏറ്റവും പ്രബലമായ രാജ്യമെങ്കിലും വിവിധ സാഹചര്യങ്ങളില്‍ അവ ര്‍ കൊച്ചി, വടക്കുംകൂര്‍ രാജ്യങ്ങളുമായി കലഹം പതിവായിരുന്നു.

മലനിരകളിലെ കുരുമുളകിന്‍റെ അധികവിളവ് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയെ ആകര്‍ഷിച്ചു. 1664 ജൂൺ 16 ലെ ഔദ്യോഗിക പെരുമാറ്റ രീതി അനുസരിച്ച് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിക്ക് തെക്കുംകൂര്‍ രാജാക്കന്‍മാരുമായി കറുവാപ്പട്ട, കറുപ്പ് മുതലായവയുടെ കച്ചവടക്കരാര്‍ ഉണ്ടായിരുന്നു. പാണ്ഡ്യരാജാവായ മാനവിക്രമ കുലശേഖരപെരുമാളും കുടുംബവും കേരളത്തിലേക്ക് വരികയും വടക്കുംകൂറില്‍ അഭയാര്‍ത്ഥികളും വാസമുറപ്പിക്കുകയും ചെയ്തു. ഈ പാണ്ഡ്യരാജാവ് വടക്കുംകൂര്‍ രാജാവിന്‍റെ സഹായത്തോടെ പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറ് പൂഞ്ഞാര്‍ എന്ന പ്രദേശം തെക്കുംകൂര്‍ രാജാവില്‍ നിന്നും വിലയ്ക്ക് വാങ്ങി. അങ്ങനെ പൂഞ്ഞാറിന്‍റെ പാരമ്പര്യം അതിന്‍റെ എല്ലാ മഹത്വത്തോടും അവകാശങ്ങളോടുംകൂടി പാണ്ഡ്യരാജാവിനെ സ്വാധീനിക്കുകയും തെക്കുംകൂര്‍ രാജാവിന്‍റെ മുമ്പിൽ പാണ്ഡ്യരാജാവിന്‍റെ രാജത്വം വെളിപ്പെടുകയും ചെയ്തു. 15-)o നൂറ്റാണ്ടില്‍ പൂഞ്ഞാർ രാജാവ് പീരുമേട് മുതല്‍ ദേവികുളം വരെയുള്ള മലനിരകൾ സ്വന്തമാക്കി. 

1749-50 കളിൽ തെക്കുംകൂറും വടക്കുംകൂറും തമ്മിലുള്ള ലയനത്തിനുശേഷം ഉടന്‍തന്നെ പൂഞ്ഞാറിന്‍റെ പ്രാധാന്യവും പദവിയും തിരുവിതാംകൂറുമായി യോജിച്ചു. ശേഷം പൂഞ്ഞാറിന്‍റെ ചരിത്രം തിരുവിതാംകൂര്‍ ചരിത്രവുമായി ലയിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇടുക്കി ജില്ലയില്‍ സ്വാതന്ത്ര്യസമരങ്ങൾ വളരെയധികം കുറവായിരുന്നു.

പെരിയാർ, തൊടുപുഴയാർ, കാളിയാർ എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ. പമ്പാനദി ഉൽഭവിക്കുന്നതും ഇടുക്കി ജില്ലയിൽ നിന്നാണ്. പെരിയാർ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയിൽ നിന്നും ഉൽഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു. വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകൾ പെരിയാറിനു കുറുകേ നിർമ്മിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ലോവർപെരിയാർ അണക്കെട്ട്, ഭൂതത്താൻകെട്ട് അണക്കെട്ട് മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags