ഇലക്ട്രിക്ക് വാഹനങ്ങളിലെ ബാറ്ററി പ്രശ്നങ്ങൾ നാല് സെക്കന്റിൽ കണ്ടെത്തി പരിഹരിക്കാം

electric battery car
ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററികള്‍ക്കുണ്ടാവുന്ന തകരാറുകള്‍ നാലുസെക്കന്‍ഡിനകം കണ്ടെത്താന്‍ സംവിധാനം.ഇതിനായി ഇലക്‌ട്രൊ കെമിസ്ട്രി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി തീവ്രതയേറിയ വൈദ്യുതി കടത്തിവിട്ട് ബാറ്ററിയുടെ ആരോഗ്യം വിലയിരുത്തുന്ന പരിശോധനയാണ് ഗവേഷകര്‍ വികസിപ്പിച്ചത്.

ബെംഗളൂരു സാംസങ് സെമികണ്ടക്ടര്‍ ഇന്ത്യാ റിസര്‍ച്ചിലെ മലയാളിയുടെ നേതൃത്വത്തിലുളള ഗവേഷകസംഘമാണ് സംവിധാനം വികസിപ്പിച്ചത്.നാലുസെക്കന്റഡില്‍ 98 ശതമാനം കൃത്യയോടെ ബാറ്ററിയിലെ അപാകം വിലയിരുത്താം. അന്തരാഷ്ട്ര പ്രസിദ്ധീകരണമായ ജേണല്‍ ഓഫ് പവര്‍ സോഴ്‌സില്‍ പഠനം പ്രസിദ്ധീകരിച്ചു. 

കണ്ടെത്തലിന് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഡോ. സാഗര്‍ ഭരത്രാജിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.ലിഥിയം അയേണ്‍ ബാറ്ററികളാണ് വൈദ്യുതിവാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ബാറ്ററിത്തകരാറുകള്‍ കാരണം വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങളുണ്ടാവാറുണ്ട്.