മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാർ 2025ൽ; വില 10 ലക്ഷത്തിന് താഴെ

ev

 ഇന്ത്യയിൽ വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടർ കോർപറേഷനു പദ്ധതി. 2025 ആകുമ്പോഴേക്ക് ആദ്യ വൈദ്യുത മോഡൽ അവതരിപ്പിക്കാനാണു കമ്പനി ഒരുങ്ങുന്നത്. ബാറ്ററിയിൽ ഓടുന്ന കോംപാക്ട് വാഹനവുമായിട്ടാവും സുസുക്കിയുടെ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വൈദ്യുത വാഹന വിപണിയിലേക്കു പ്രവേശിക്കുക. വൈദ്യുത വാഹനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള വിവിധ ഇളവുകളിലും ആനുകൂല്യങ്ങളിലുമാണു സുസുക്കിയുടെയും പ്രതീക്ഷ. ഇത്തരം പ്രോത്സാഹനങ്ങളുടെ പിൻബലത്തിൽ 10 - 11 ലക്ഷം രൂപ വിലനിലവാരത്തിൽ പുതിയ ഇ വി വിൽപനയ്ക്കെത്തിക്കാനാവുമെന്നു സുസുക്കി കണക്കുകൂട്ടുന്നു. 

കോംപാക്ട് കാർ വിഭാഗത്തിലെ വൈദ്യുതീകരണം വേഗത്തിലാക്കാനാണു സുസുക്കിയുടെ ആലോചന. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് മാരുതി സുസുക്കി. ഈ ഉപസ്ഥാപനത്തിലൂടെ ഏഷ്യൻ വിപണികളിലും സുസുക്കിക്കു ഗണ്യമായ സ്വാധീനമുണ്ട്. ഓൾട്ടോ, വാഗൻ ആർ, ബലേനൊ, സ്വിഫ്റ്റ് തുടങ്ങി ചെറുതും കോംപാക്ട് വിഭാഗത്തിൽപെടുന്നതുമായ കാറുകളാണു മാരുതി സുസുക്കിയുടെ കരുത്ത്. തുടക്കത്തിൽ ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്ന വൈദ്യുത വാഹനം  സുസുക്കി പിന്നീട് വിദേശ വിപണികളിലും അവതരിപ്പിക്കും. ജന്മനാടായ ജപ്പാനിലും വൈദ്യുത വാഹനങ്ങൾക്ക് വിപണന സാധ്യതയേറെയുള്ള യൂറോപ്പിലുമൊക്കെ ഈ മോഡൽ വിൽപ്പനയ്ക്കെത്തിക്കുമെന്നാണു സൂചന. 
ജനപ്രിയ മോഡലായ വാഗൻ ആറിന്റെ വൈദ്യുത പതിപ്പ് ഉപയോഗിച്ചു മാരുതി സുസുക്കി ഏറെക്കാലമായി പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. എന്നാൽ ഈ മോഡലിന്റെ ഔദ്യോഗിക അരങ്ങേറ്റം സംബന്ധിച്ച സൂചനയൊന്നും കമ്പനി നൽകിയിട്ടില്ല. എതിരാളികൾ വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ തീവ്രശ്രമം നടത്തുമ്പോഴും മാരുതി സുസുക്കി  സമ്മർദിത പ്രകൃതി വാതകം (സി എൻ ജി) പോലുള്ള ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയ്ക്കാണു മുൻഗണന നൽകിയിരുന്നത്. 
കാർ വിൽപ്പനയിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണെങ്കിലും വൈദ്യുത വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിൽ ഇന്ത്യൻ വിപണി കാര്യമായ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾ സ്വീകാര്യത കൈവരിക്കുന്നതിന്റെ സൂചനകളുണ്ടെങ്കിലും വൈദ്യുത കാറുകൾക്കു സമാന വരവേൽപ് ലഭിച്ചിട്ടില്ല. ഇ വികളുടെ ഉയർന്ന വിലയ്ക്കു പുറമെ സഞ്ചാരദൂര പരിധി(റേഞ്ച്) സംബന്ധിച്ച ആശങ്കകളും ബാറ്ററി ചാർജിങ് രംഗത്തെ അപര്യാപ്തതകളുമൊക്കെ  വൈദ്യുത കാറുകളുടെ വ്യാപനത്തിനു തടസ്സമാകുന്നുണ്ടെന്നാണു വിലയിരുത്തൽ.