കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുനരുപയോഗിക്കാൻ ഡൽഹിയിൽ അനുമതി

vehicle

കാലാവധി അവസാനിച്ച വാഹനങ്ങള്‍ പൊളിച്ച്‌ പുനരുപയോഗത്തിനായി കൈമാറാനുളള ആദ്യ സര്‍ക്കാര്‍ അംഗീകൃതകേന്ദ്രം ഡല്‍ഹിയിലെ നോഡയില്‍ തുടങ്ങി.മാരുതിയും ടൊയോട്ടയും ചേര്‍ന്നുളള സംയുക്തസംരഭം കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം ചെയ്തത്. ആവശ്യാനുസരണം മറ്റു സംസ്ഥാനങ്ങളിലേക്കും പൊളിക്കല്‍ യൂണിറ്റുകള്‍ തുടങ്ങും.

മാരുതി സുസൂക്കി ടൊയോസു ഇന്ത്യ (എം.എസ്.ടി.ഐ ) എന്ന കമ്ബനിയാണ് 44 കോടി രൂപ ചെലവില്‍ 11,000 ചതുരശ്രമിറ്ററിലായി ഈ യൂണിറ്റ് സ്ഥാപിച്ചത്. ഇവിടെ പ്രതിമാസം രണ്ടായിരം വാഹനങ്ങള്‍ പൊളിക്കാന്‍ സാധിക്കും. ഒരു കാര്‍ പൊളിച്ചടുക്കാന്‍ വെറും 200 മിനിറ്റ് മതി. പൊളിച്ച വാഹനത്തിന്റെ 95 ശതമാനവും പുനരുപയോഗത്തിനായി അംഗീകൃത സ്ഥാപനങ്ങള്‍ക്ക് കൈമാറും, വാഹനത്തിന്റെ ഓയില്‍ പോലും പാഴാക്കാതെ വീണ്ടും പ്രയോജനപ്പെടുത്താം.

അന്താരാഷ്ട്ര നിലവാരമുളള ജപ്പാന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെങ്കിലും ഉപകരണങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. വണ്ടിയിലെ ഓയില്‍ ,എയര്‍ബാഗ്, ബാറ്ററി, എ.സിയിലെ ഗ്യാസ് എന്നിവ പുറന്തളളില്ല. തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായാണ് വാഹനം പൊളിക്കുന്നത്. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ അംഗീകൃതസ്ഥാപനങ്ങള്‍ക്കു മാത്രമേ റീസൈക്കിള്‍ ചെയ്യാന്‍ കൈമാറൂ.

വ്യക്തികളില്‍ നിന്നും ഡീലര്‍ഷിപ്പുകളില്‍ നിന്നും പഴയവാഹനങ്ങള്‍ ശേഖരിക്കും. വാഹന ഉടമയ്ക്ക് നേരിട്ട് ബാങ്ക്‌അക്കൗണ്ടിലൂടെ പണം കൈമാറും കൂടാതെ വാഹനം പൊളിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇതിനായി msti.co.in എന്ന വെബ്‌സൈറ്റും 18004193530 എന്ന കോള്‍ സെന്റര്‍ നമ്പറും ആരംഭിച്ചു.

സര്‍ക്കാരിന്റെ വാഹനവില്‍പ്പനയില്‍ 12 ശതമാനം വളര്‍ച്ചയുണ്ടാകും. രണ്ടുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. കൂടാതെ സര്‍ക്കാരിന്റെ ഈ മേഖലയില്‍നിന്നുളള ജിഎസ്ടി വരുമാനം 30,000 കോടിയില്‍ നിന്ന് 40,000 കോടിയായി മാറും. വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് കാലാവധി. തുടര്‍ന്ന് ഫിറ്റ്‌നസ് പരിശോധയിലും പരാജയപ്പെടുന്നവയാണ് പൊളിക്കേണ്ടത്.