എംജിയുടെ എസ്‌യുവി ഹെക്ടര്‍ ഉടന്‍ വിപണിയില്‍

എംജിയുടെ എസ്‌യുവി ഹെക്ടര്‍ ഉടന്‍ വിപണിയില്‍

എംജി മോട്ടോഴ്‌സിന്റെ ആറ് സീറ്റുള്ള എസ്‌യുവി ഹെക്ടര്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഹെക്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ജൂലൈയില്‍ തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംജി മോട്ടോഴ്‌സിന്റെ ഹെക്ടര്‍ എന്ന ആദ്യ വാഹനത്തിന്റെ വലുപ്പം കൂടിയ മോഡലായ ഹെക്ടര്‍ പ്ലസ് 2020 നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. പുതിയ ഹെക്ടര്‍ പ്ലസില്‍ പരമാവധി 6 സീറ്റുകളാണുള്ളത്.

പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള മുന്‍വശത്തെ ഗ്രില്‍, കട്ടി കൂടിയ എല്‍ഇഡി ഡിആര്‍എല്‍ ലാംപുകള്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്ലാംപുകള്‍, ഫോഗ് ലാംപ് ക്ലസ്റ്റര്‍ എന്നിവയാണ് പുതിയ ഹെക്ടര്‍ പ്ലസിന്റെ സവിശേഷതകള്‍.

ആറ്‌ സീറ്റുകള്‍ ഉള്ള വാഹനത്തിന് നടുവില്‍ രണ്ട്‌ ക്യാപ്റ്റന്‍ സീറ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹെക്ടറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് ഹെക്ടര്‍ പ്ലസിലും ഉണ്ടാവുക. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എന്‍ജിന്‍, 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ എന്നീ വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് മൂന്ന് എന്‍ജിനുകള്‍ക്കും ഉള്ളത്.