എംജി എസ്‌യുവി ആസ്റ്റർ ഉടൻ വരുന്നു

aster

രാജ്യത്ത് ഏറ്റവുമധികം വിപണന സാധ്യതയുള്ള കോംപാക്ട് എസ് യു വി വിഭാഗത്തിൽ ഇടം തേടി എം ജി മോട്ടോർ ഇന്ത്യുയമെത്തുന്നു. ഹ്യുണ്ടേയ് ‘ക്രേറ്റ’യെയും കിയ ‘സെൽറ്റോസി’നെയുമൊക്കെ നേരിടാനായി വർഷാവസാനത്തോടെ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന കോംപാക്ട് എസ് യു വിക്കു പേര് ‘ആസ്റ്റർ’ എന്നാവുമെന്നാണു സൂചന. വൈദ്യുത വാഹനമായ എം ജി ‘സെഡ് എസി’ന്റെ പെട്രോൾ എൻജിനുള്ള പതിപ്പാവും ‘ആസ്റ്റർ’.

വിൽപന മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എം ജി മോട്ടോർ ഇന്ത്യ പുതിയ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ‘കോവിഡ് 19’ മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിൽ ഇളവു വരികയും പുത്തൻ അവതരണങ്ങൾ സാധ്യമാവുകയും ചെയ്താൽ ഇക്കൊല്ലത്തെ വിൽപ്പനയിൽ 70% വളർച്ചയാണു കമ്പനി പ്രതീക്ഷിക്കുന്നത്. ‘ഹെക്ടർ പ്ലസി’നു താഴെ ഇടംപിടിക്കുമെന്നു കരുതുന്ന ‘ആസ്റ്റർ’ എം ജി മോട്ടോർ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു.  രൂപകൽപ്പനയിലടക്കം ‘സെഡ് എസി’ൽ നിന്നു കാര്യമായ മാറ്റമൊന്നുമില്ലാതെയാവും ‘ആസ്റ്ററി’ന്റെ വരവ്. അരങ്ങേറ്റത്തിനു മുന്നോടിയായി ഏറെ നാളായി ഇന്ത്യയിൽ പരീക്ഷണ ഓട്ടത്തിലാണ് ‘ആസ്റ്റർ’.

കൊറോണ വൈറസ് വ്യാപനവും ‘കോവിഡ് 19’ മഹാമാരിയുടെ രണ്ടാം തരംഗവുമാണ് കോംപാക്ട് എസ് യു വി അവതരണം വൈകിച്ചതെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ വിശദീകരിക്കുന്നു. പുതിയ വാഹനത്തിലൂടെ ഗുജറാത്തിലെ ഹാലോളിലുള്ള നിർമാണശാലയുടെ ഉൽപ്പാദനശേഷി പൂർണമായും വിനിയോഗിക്കാനാവുമെന്നാണ് എം ജി മോട്ടോറിന്റെ പ്രതീക്ഷ. പ്രതിവർഷം ഒരു ലക്ഷം യൂണിറ്റാണ് ഈ ശാലയുടെ സ്ഥാപിത ഉൽപ്പാദനശേഷി. 
കോവിഡ് മഹാമാരി വിൽപ്പനയെ ഗണ്യമായി ബാധിച്ചിട്ടുണ്ടെന്നു ഛാബ സ്ഥിരീകരിക്കുന്നു. അതുകൊണ്ടുതന്നെ ഹാലോൾ ശാലയുടെ ഉൽപ്പാദനശേഷി പൂർണമായും വിനിയോഗിക്കാനും ലാഭക്ഷമത കൈവരിക്കാനുമുള്ള നടപടികൾക്കാണു കമ്പനി പരിഗണന നൽകുന്നത്. ഇന്ത്യയിൽ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു മുന്നേറുന്ന വിഭാഗമാണു സ്പോർട് യൂട്ടിലിറ്റി വാഹന വിപണി. 2015ൽ 13.5% വിൽപ്പന വളർച്ച രേഖപ്പെടുത്തിയ എസ് യു വി വിഭാഗം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും 2020ൽ 29% വളർച്ച കൈവരിച്ചിരുന്നു.