‘എർട്ടിഗ’യുടെ ടൊയോട്ട പതിപ്പ് ആഫ്രിക്കയിൽ എത്തിച്ചു:പേര് റൂമിയൻ

toyota rumion

മാരുതി സുസുക്കിയുടെ വിവിധോദ്ദേശ്യ വാഹന(എംപിവി)മായ എർട്ടിഗയുടെ ബാഡ്ജ് എൻജിനീയറിങ് പതിപ്പ് ടൊയോട്ട മോട്ടോർ ദക്ഷിണാഫ്രിക്കയിൽ അനാവരണം ചെയ്തു.  ടൊയോട്ടയ്ക്കായി മാരുതി സുസുക്കി നിർമിച്ചു നൽകുന്ന എംപിവിക്ക് റൂമിയൻ എന്നാണു പേര്. ഇതോടെ മാരുതി സുസുക്കിയിൽ നിന്നു ‘കടമെടുത്ത്’ ടൊയോട്ട വിൽപനയ്ക്കെത്തിക്കുന്ന മോഡലുകളുടെ എണ്ണം മൂന്നായി; നിലവിൽ പ്രീമിയം ഹാച്ച്ബാക്കായ ‘ബലെനൊ’യെ  ‘ഗ്ലാൻസ’ എന്ന പേരിലും കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യെ ‘അർബൻ ക്രൂസർ’ എന്ന പേരിലും ടൊയോട്ട വിപണനം ചെയ്യുന്നുണ്ട്.

ആംഗുലർ ആകൃതിയുള്ള ഹാലജൻ ഹെഡ്ലാംപും ഫോഗ്ലാംപും വരെ നീളുന്ന മുൻ ഗ്രില്ലാണ് ‘റൂമിയനി’ലുള്ളത്. ചരിഞ്ഞ ‘എ’ പില്ലറുകൾ ഉയരമുള്ള റൂഫ് ലൈനോളം തുടരുന്നതിനാൽ സ്ഥലസൗകര്യമേറിയ വാഹനമെന്ന പ്രതീതിയും സൃഷ്ടിക്കുന്നുണ്ട്. ഏഴു പേർക്കു യാത്ര ചെയ്യാൻ യഥേഷ്ടം സ്ഥലം വാഗ്ദാനം ചെയ്യുന്നതിനു പുറമെ ബൂട്ടിൽ 550 ലീറ്റർ സംഭരണ ശേഷിയും വാഹനത്തിലുണ്ട്. രണ്ടാം നിര സീറ്റ് 60:40 അനുപാതത്തിലും മൂന്നാം നിര സീറ്റ് പൂർണമായും മടക്കി കൂടുതൽ സ്ഥലം സൃഷ്ടിക്കുകയുമാവാം.പവർ വിൻഡോ, ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും സഹിതം ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റെ സംവിധാനം,  ഇന്ധന ഉപയോഗവും ശരാശരി വേഗവും പുറത്തെ താപനിലയുമടക്കമുള്ള ട്രിപ് വിവരങ്ങൾ ലഭ്യമാക്കാൻ മൾട്ടി മോഡ് ഡിസ്പ്ലേ തുടങ്ങിയവയും ‘റൂമിയനി’ലുണ്ട്. മികച്ച സുരക്ഷയ്ക്കായി ഡ്രൈവർക്കും മുൻസീറ്റ് യാത്രികനും എയർ ബാഗും പിൻ വാതിലിൽ ചൈൽഡ് ലോക്കും ആന്റി ലോക്ക് ബ്രേക്ക് സംവിധാനവും ഇലക്ട്രോണിക് ബ്രേക് ഡിസ്ട്രിബ്യൂഷനുമെല്ലാം സഹിതമാണ് ‘റൂമിയൻ’ എത്തുന്നത്.