മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡി വഴി 300 കോടി രൂപ സമാഹരിക്കും

google news
muthoot

കൊച്ചി:  മുത്തൂറ്റ് ഫിനാന്‍സിന്‍റെ സെക്യേര്‍ഡ് റിഡീമബിള്‍ എന്‍സിഡി വഴി 300 കോടി രൂപ സമാഹരിക്കും.  75 കോടി രൂപയുടെ കടപത്രങ്ങള്‍ വിതരണം ചെയ്യാനും അധികമായി ലഭിക്കുന്ന 225 കോടി രൂപ വരെ കൈവശം വെക്കാനും ഉള്ള അനുമതി അനുസരിച്ചാണ് 300 കോടി രൂപ ആകെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്.  ആയിരം രൂപയാണ് എന്‍സിഡികളുടെ മുഖവില.

ഏപ്രില്‍ 12-ന് ആരംഭിച്ച ഇവയുടെ വിതരണം ഏപ്രില്‍ 26 വരെ തുടരും.  ഐസിആര്‍എയുടെ എഎപ്ലസ് (സ്റ്റേബിള്‍) റേറ്റിങാണ് ഈ സെക്യേര്‍ഡ് എന്‍സിഡികള്‍ക്കുള്ളത്.  സാമ്പത്തിക ബാധ്യതകള്‍ സമയാസമയങ്ങളില്‍ നിറവേറ്റുന്നതിലുള്ള ഉയര്‍ന്ന നിരക്കിലെ സുരക്ഷിതത്വമാണ് ഇതു സൂചിപ്പിക്കുന്നത്. എന്‍സിഡികള്‍ ഇഷ്യുവിനു ശേഷം ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്യും.  വ്യക്തിഗത നിക്ഷേപകര്‍ക്ക് 8.25 ശതമാനം മുതല്‍ 8.60 ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കുന്ന ഏഴ് തെരഞ്ഞെടുപ്പുകള്‍ ഇവയുടെ നിക്ഷേപത്തിനായി ലഭ്യമാണ്. 

നിലവിലെ പലിശ നിരക്കുകള്‍ക്ക് അനുസൃതമായി, പ്രത്യേകിച്ച് റിസര്‍വ് ബാങ്ക് 2023 ഏപ്രിലില്‍ റിപോ നിരക്ക് ഉയര്‍ത്തിയതിന്‍റെ തുടര്‍ച്ചയായുള്ള, മികച്ച നിരക്കുകളാണു തങ്ങളുടെ 31-ാമത് എന്‍സിഡി ഇഷ്യുവില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.  എന്‍സിഡികളുടെ 90 ശതമാനവും ചെറുകിട നിക്ഷേപകര്‍ക്കും ഉയര്‍ന്ന മൂല്യമുളള വ്യക്തിഗത നിക്ഷേപകര്‍ക്കുമായി മാറ്റി വെച്ചിരിക്കുകയാണ്. സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ 0.50 ശതമാനം വാര്‍ഷിക നിരക്കു കൂടുതലായി ഇവര്‍ക്കു ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനിയുടെ പ്രാഥമിക വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കാവും ഇങ്ങനെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക.

Tags