ഇന്ത്യയിലെ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഒരുങ്ങി ആമസോണ്‍

amazon
 

മുംബൈ: ഇന്ത്യയിലെ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഒരുങ്ങി ആമസോണ്‍. ഇ-മെയില്‍ മുഖേനയാണ് കമ്പനി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജോലി നഷ്ടമാകുന്നവര്‍ക്ക് അഞ്ചു മാസത്തെ  ശമ്പളവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

നേരത്തെ, ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഏകദേശം 18,000 ജീവനക്കാരെ ആമസോണ്‍ ഒഴിവാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരില്‍ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നായിരുന്നു വിവരങ്ങള്‍.  

എന്നാല്‍ പിരിച്ച് വിടല്‍ സംബന്ധിച്ച് കമ്പനിയുടെ ഭാഗത്ത് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ  ബാധിക്കും എന്നാണ് വിവരം.  ഇന്ത്യൻ വിപണിയിലെ മാർക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിരിച്ചുവിടുന്നവർക്ക് പണവും, ആരോഗ്യ ഇൻഷുറൻസ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉൾപ്പടെയുള്ളവ കമ്പനി ചെയ്തു നല്കുമെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.  എല്ലാവർക്കും ജനുവരി 18 മുതൽ അറിയിപ്പ് നൽകിത്തുടങ്ങുമെന്നും കമ്പനി അറിയിച്ചു.