ക്ലൈമറ്റ് സ്മാർട്ട് കോഫി: കേരളത്തിൽ സാധ്യതാ പഠനം നടത്തും

പരിസ്ഥിതിയുടെ ദീർഘകാല സുരക്ഷ ഉറപ്പു വരുത്തിയും കർഷകരുടെ വരുമാനം വർധിപ്പിച്ചും കാപ്പി കൃഷി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നതു സംബന്ധിച്ചാണ് ആലോചനകൾ നടക്കുന്നത്. തുടർന്ന് മറ്റ് വിളകളിലേക്കും വ്യാപിപ്പിക്കും. ഇതു സംബന്ധിച്ച് ഇന്ത്യൻ - ഡച്ച് കമ്പനികൾ, സർവ്വകലാശാലകൾ, സർക്കാർ ഏജൻസികൾ എന്നിവർ യോജിച്ച് ഒരു പ്രവർത്തന രൂപരേഖ കഴിഞ്ഞ വർഷം തയ്യാറാക്കിയിരുന്നു. കേരളത്തിലും പുറത്തും ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖയാണിത്.
പദ്ധതിയുടെ സാമ്പത്തികവും വാണിജ്യപരവും സാങ്കേതികവുമായ സാധ്യതകൾ വിലയിരുത്താനാണ് നെതർലാന്റ്‌സ് സംഘം കേരളത്തിലെത്തിയത്. സർക്കാർ, വ്യവസായ, അക്കാദമിക് , പരിസ്ഥിതി രംഗത്തുള്ളവരുടെ കൺസോർഷ്യം രൂപീകരിച്ച് വയനാട്ടിൽ മാതൃകാ കോഫി ഫാം സ്ഥാപിക്കുന്നതിനും ആലോചനയുണ്ട്. കയറ്റുമതി കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയുമായി ഡച്ച് കോഫി, സുഗന്ധ വ്യഞ്ജന കമ്പനികൾ സഹകരിക്കും. തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കിൻഫ്രയെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.രാജീവ് അറിയിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എൻ.എൽ. വർക്‌സ് പ്രോഗ്രാം മാനേജർമാരായ ഫ്രാങ്ക് എയ്‌സൻ, ഗീറ്റ് ക്‌ളെയിൻ, ഡോ. റാൽഫ് ലിൻഡ്ബും, കെ - ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.