51 ശതമാനം ജീവനക്കാരും ഹൈബ്രിഡ് ജോലി ഇഷ്ടപ്പെടുന്നു: ഗോദ്റെജ് ഇന്‍റീരിയോ പഠനം

pk
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള പ്രമുഖ ഫര്‍ണിച്ചര്‍ സൊല്യൂഷന്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോ څഹോം, ഓഫീസ് ആന്‍റ് ബിയോണ്ട്چ എന്ന പേരില്‍ ഒരു എക്സ്ക്ലൂസീവ് പഠനം നടത്തി. ജോലിക്കായി പൂര്‍ണമായും ഓഫീസിലേക്ക് മടങ്ങണമെന്നും, അതല്ല വിദൂരത്തിരുന്ന് ജോലി ചെയ്താല്‍ മതിയെന്നും വാദിക്കുന്നവരുണ്ട്. രണ്ടു തരത്തിലും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ബാക്കിയുള്ളവരെന്നും പഠനം പറയുന്നു.

 

പ്രായം, പ്രവൃത്തിപരിചയം, ലിംഗഭേദം എന്നിവയ്ക്കനുസരിച്ച് വ്യത്യസ്ത മുന്‍ഗണനകളാണ് ജീവനക്കാര്‍ക്കുള്ളതെന്ന് സര്‍വേ കണ്ടെത്തി. ഓഫീസില്‍ പോകുന്ന 350 ജീവനക്കാരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരില്‍ ഭൂരിഭാഗവും മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും, ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കുമായി ജോലി ചെയ്യുന്നവരാണ്.

 

ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനമാണ് ഹൈബ്രിഡ് ജോലിയുടെ പ്രധാന നേട്ടമായി കൂടുതല്‍ ജീവനക്കാരും എടുത്തുപറഞ്ഞത്.  23% പുരുഷന്മാരും 28% സ്ത്രീകളും ഈ അഭിപ്രായക്കാരാണ്. 20% പുരുഷന്മാരും 28% സ്ത്രീകളും യാത്രാ സമയം ലാഭിക്കുന്നതാണ് നേട്ടമായി ചൂണ്ടിക്കാട്ടിയത്. 12% പുരുഷന്മാരും 11% സ്ത്രീകളും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാവുന്നതും, 14% പുരുഷന്മാരും 11% സ്ത്രീകളും മെച്ചപ്പെട്ട ജോലി പ്രകടനം നടത്താന്‍ കഴിയുന്നതും ഹൈബ്രിഡ് ജോലിയുടെ നേട്ടമാണെന്ന് അഭിപ്രായപ്പെട്ടു. ഫ്ളെക്സിബിള്‍ വര്‍ക്ക് ഓപ്ഷനുകള്‍ക്കായി 39% തൊഴിലുടമകളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറുള്ളവരും, 24% ജോലി മാറാന്‍ തയ്യാറുള്ളവരുമാണ്. 14% തൊഴില്‍ സ്ഥലം മാറുന്നതിനെ അനുകൂലിക്കുന്നു. 13% പേര്‍ പത്ത് ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് സമ്മതമാണെന്നും അഭിപ്രായപ്പെട്ടു.

 

സ്ഥാപനങ്ങള്‍ അവരുടെ സംസ്കാരവും ബ്രാന്‍ഡും ശക്തിപ്പെടുത്താന്‍ ജോലിസ്ഥലത്തെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് ഗോദ്റെജ് ഇന്‍റീരിയോയുടെ എര്‍ഗണോമിക്സ് ആന്‍ഡ് വര്‍ക്ക്പ്ലെയ്സ് റിസര്‍ച്ച് സെല്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നതെന്ന് ഗോദ്റെജ് ഇന്‍റീരിയോ മാര്‍ക്കറ്റിങ് (ബി2ബി) വൈസ് പ്രസിഡന്‍റ് സമീര്‍ ജോഷി പറഞ്ഞു. ഓഫീസ് സ്പെയ്സില്‍ കൂടുതല്‍ സൗഹൃദപരമായ ഫര്‍ണിച്ചറുകള്‍ക്കുള്ള ഡിമാന്‍ഡ് ഉണ്ട്, ഈ സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തില്‍ 25 ശതമാനം വളര്‍ച്ച കൈവരിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.