ഇഞ്ചി വില കുതിക്കുന്നു...

google news
g
 

കല്‍പ്പറ്റ: ഇഞ്ചി കൊണ്ട് മുറിവേറ്റവരും അത്യുന്നതങ്ങളില്‍ എത്തിയവരും ഏറെയുള്ള ജില്ലയാണ് വയനാട്. അനുകൂലമായ സാഹചര്യങ്ങളും വളക്കൂറുള്ള മണ്ണും തേടി നൂറുക്കണക്കിന് മലയാളികളാണ് കറുത്ത മണ്ണിന്റെ നാടായ കര്‍ണാടകയിലേക്ക് ഇഞ്ചിക്കൃഷിക്കായി ചേക്കേറിയിരിക്കുന്നത്. ആദ്യകാലങ്ങളില്‍ പോയവര്‍ ലക്ഷാധിപതികളായി മാറിയപ്പോള്‍ പിന്നീട് പോയവരില്‍ പലരും വിലത്തകര്‍ച്ചയും പാട്ടത്തുക വര്‍ധനയും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ പച്ച പിടിക്കാന്‍ പാടുപ്പെടുന്നതായിരുന്നു കാഴ്ച. കടക്കെണിയില്‍ നിന്ന് കര കയറാൻ സാധിക്കാതെ ചിലര്‍ ജീവിതം തന്നെ അവസാനിപ്പിച്ച സംഭവങ്ങളും ഉണ്ടായി.

കൊവിഡ് മൂലം പ്രതിസന്ധികളില്‍ അങ്ങേയറ്റം തകര്‍ന്നുകിടക്കുകയായിരുന്നു ഇഞ്ചിക്കൃഷി മേഖല. പാട്ടത്തുകയും തൊഴിലാളി ചെലവും വളവും വിത്തും എല്ലാം കുടി ചേരുമ്പോള്‍ ഇറക്കിയ പണത്തിന്റെ പത്ത് ശതമാനം പോലും തിരിച്ചു കിട്ടാതെ പലരും കൃഷി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് വിപണിയില്‍ നിന്ന് ആശ്വാസമായ വാര്‍ത്തയെത്തുന്നത്. പതുക്കെയാണെങ്കിലും ഇഞ്ചിക്ക് വില ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. 15 ദിവസം മുമ്പ് വരെ 60 കിലോ വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് 600 മുതല്‍ 650 രൂപ വരെയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ഇത് 1400 മുതല്‍ 1500 വരെയായി ഉയര്‍ന്നിരിക്കുന്നു. 

Tags