യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ ക്രിട്ടിക്കല്‍ കെയര്‍ കരാര്‍ ഹിന്ദുജ ഗ്ലോബലിന്

google news
uy
കൊച്ചി: യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ അടിയന്തര സുരക്ഷ പരിചരണവുമായി ബന്ധപ്പെട്ട കരാര്‍ (ക്രിട്ടിക്കല്‍ കെയര്‍) ഹിന്ദുജ ഗ്ലോബല്‍സിന്‍റെ ബ്രിട്ടനിലെ അനുബന്ധ കമ്പനിയായ എച്ച്ജിഎസ് യുകെ ലിമിറ്റഡിന് ലഭിച്ചു. വരുന്ന രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചതെങ്കിലും കൂടുതല്‍ കാലത്തേക്ക് ഇത് നീട്ടാം. 2,100 കോടി രൂപയുടെ പ്രോജക്റ്റാണിത്. ഈ പ്രോജക്റ്റ് വഴി ഏകദേശം 2000ത്തോളം ആളുകള്‍ക്കാണ് വര്‍ക്ക് അറ്റ് ഹോം അടിസ്ഥാനത്തില്‍ ജോലി ലഭിക്കുക.

 

ഭാവിയില്‍ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനും പക്ഷിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ വരികയാണെങ്കില്‍ അത് കൈകാര്യം ചെയ്യാനുമെല്ലാം കൂടിയുള്ളതാണ് ഈ കരാര്‍. ഇതിന് വേണ്ടി ചിലവാക്കാവുന്ന പരമാവധി തുകയാണ് 2100 കോടി രൂപ.കഴിഞ്ഞ ഒരു പതിറ്റാണ്ടായി എച്ച്ജിഎസ് യുകെ ഗവണ്‍മെന്‍റുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ എച്ച്ജിഎസ് നേടിയിട്ടുള്ള ഏറ്റവും വലിയ കരാറാണിത്.

 

വില്‍പ്പന തന്ത്രം, ക്ലൗഡ് സാങ്കേതികവിദ്യ, വര്‍ക്ക് അറ്റ് ഹോം ഡെലിവറി വിന്യാസം എന്നിവയില്‍ തങ്ങളുടെ വൈദഗ്ധ്യം ശക്തിപ്പെടുത്തുന്നതിന് തങ്ങള്‍ നടത്തിയ സുപ്രധാന നിക്ഷേപങ്ങള്‍ ഈ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചു. യുകെ ബിസിനസിന് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നു ലഭിച്ച കരാറെന്ന് എച്ച്ജിഎസ് എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ പാര്‍ത്ഥ ദേസര്‍ക്കാര്‍ പറഞ്ഞു

 

യുകെ സര്‍ക്കാരിന്‍റെ ഇത്രയും വലിയ പ്രോജക്റ്റ് എച്ച്ജിഎസിന് ലഭിച്ചതില്‍ താന്‍ വളരെയേറെ അഭിമാനിക്കുന്നുവെന്ന് എച്ച്ജിഎസിന്‍റെ യൂറോപ്പ് സിഇഒ ആഡം ഫോസ്റ്റര്‍ പറഞ്ഞു. യുകെ ഗവണ്‍മെന്‍റുമായി കഴിഞ്ഞ പത്ത് വര്‍ഷമായുള്ള ബിസിനസ് ബന്ധത്തിനുള്ള അംഗീകാരമായി വേണം ഇതിനെ കാണാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags