സ്വകാര്യ വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇൻസെൻ്റീവ്: മന്ത്രി പി. രാജീവ്

google news
05
എറണാകുളം: സ്വകാര്യ വ്യവസായ പാർക്കുകളുടെ  നിക്ഷേപകർക്ക്  പശ്ചാത്തല വികസനത്തിനായി മൂന്ന് കോടി രൂപ വരെ ഇന്‍സെന്‍റീവ് അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.   ഒരു വർഷത്തിനിടെ ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം കണ്ടെത്താൻ അതിവിപുലമായ തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തുന്നത്. ഇതിന് കൂട്ടായ പ്രവർത്തനം ആവശ്യമായതിനാൽ വിവിധ വകുപ്പുകളുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സംരംഭകരും ഉദ്യോഗസ്ഥരും മുതൽ തൊഴിലാളി യൂണിയനുകൾ ഉൾപ്പെടെ വിവിധ തലത്തിലുള്ളവരിൽ നിന്ന് പൂർണ സഹകരണം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.

കിൻഫ്ര പെട്രോ കെമിക്കൽ പാർക്കിൻ്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കുന്ന അമ്പലമുകൾ ഭാഗത്തെ സ്ഥാപനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആലുവയിലെ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് കിൻഫ്ര പ്രത്യേക പൈപ്പ്‌ ലൈൻ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
പി.വി ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.  കൊച്ചി നഗരത്തോട് ചേർന്നു കിടക്കുന്ന കുന്നത്തുനാട് നിയോജക മണ്ഡലത്തെ നോയിഡ മാതൃകയിലുള്ള സബർബൻ നഗരമാക്കി മാറ്റാൻ കഴിയുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ ജാഫർ മാലിക്, വടവുകോട്  ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ആർ വിശ്വപ്പൻ, വടവുകോട് - പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോണിയ മുരുകേശൻ, തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ പ്രകാശൻ, വാർഡ് കൗൺസിലർ ശ്രീരേഖ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, മധ്യമേഖല മാനേജർ ടി.ബി അമ്പിളി ദേവി, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. 

എഫ്.എ.സി.ടി.യിൽ നിന്ന് ഏറ്റെടുത്തിട്ടുള്ള 481.79 ഏക്കർ ഭൂമിയിൽ ടൗൺഷിപ്പ് മാതൃകയിലാണ് നിർദിഷ്ട പെട്രോ കെമിക്കൽ പാർക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾക്ക് പുറമെ ഭൂമി ഏറ്റെടുക്കുന്നതിനും അടിസ്ഥാന  സൗകര്യ വികസനത്തിനും ഉൾപ്പടെ 1200 കോടി രൂപയാണ് മൊത്തം പദ്ധതിച്ചെലവ് കണക്കാക്കുന്നത്. ബി.പി.സി.എൽ ഉൾപ്പടെ 35 നിക്ഷേപകർക്കായി 230 ഏക്കർ ഭൂമി ഇതിനോടകം അനുവദിച്ചിട്ടുണ്ട്. പെട്രോ കെമിക്കൽ പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനായി രണ്ടര വർഷത്തെ സമയമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും രണ്ട് വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് കരാറുകാരായ മേരിമാതാ ഇൻഫ്രാസ്ട്രക്ചേഴ്സ് അധികൃതർ ചടങ്ങിൽ മന്ത്രിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

Tags