എല്‍ഐസി ഓഹരി വില്‍പ്പന മേയ് നാലിന്

fhf
കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) മേയ് നാലിന് ആരംഭിക്കും. 902 രൂപ മുതല്‍ 949 രൂപ വരെയാണ് ഓഹരി വില. ഐപിഒ മേയ് ഒമ്പതിന് ക്ലോസ് ചെയ്യും. എല്‍ഐസി പോളിസി ഉടമകള്‍ക്ക് ഓരോ ഓഹരിയും 60 രൂപ ഇളവില്‍ ലഭിക്കും. റീട്ടെയ്ല്‍ നിക്ഷേപര്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും 45 രൂപയുടെ ഇളവും ലഭിക്കും. 2022 ഏപ്രില്‍ 13ന് മുമ്പ് പോളിസി വാങ്ങിയ പോളിസി ഉടമകള്‍ക്കെ ഇളവ് ലഭിക്കു. നിക്ഷേപകര്‍ ചുരുങ്ങിയത് 15 ഓഹരികള്‍ക്ക് അപേക്ഷിക്കണം. ശേഷം 15ന്റെ ഗുണിതങ്ങളായി വാങ്ങാം. 10 രൂപയാണ് ഓഹരിയുടെ മുഖവില. ഐപിഒയിലൂടെ 22,13,74,920 ഓഹരികളാണ് കേന്ദ്ര ധനമന്ത്രാലയം വില്‍പ്പന നടത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് സേവനദാതാക്കളായ എല്‍ഐസിക്ക് 61 ശമതാനം വിപണി വിഹിതമുണ്ട്. ആഗോള തലത്തില്‍ അഞ്ചാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി. 13.3 കോടി ഇന്‍ഷുറന്‍സ് ഏജന്റുമാരുള്ള എല്‍ഐസിക്ക് ഇന്ത്യയിലെ 91 ശതമാനം ജില്ലകളിലും സാന്നിധ്യമുണ്ട്. 245 സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളെ ദേശസാല്‍ക്കരിച്ച് 1956 സെപ്തംബര്‍ ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ എല്‍ഐസി സ്ഥാപിച്ചത്.