വ്യവസായ സംരംഭകർക്ക് സംശയമകറ്റാൻ എംഎസ്എംഇ ക്ലിനിക്കുകള്‍

google news
msme
സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഓരോ ജില്ലകളിലും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചതും സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയുന്നവരുമായ വിദഗ്ധരുടെ ഒരു പാനല്‍ ക്രമീകരിച്ചിട്ടുണ്ട്. 

നിരവധി സംരംഭകര്‍ക്ക് സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. ചിലത് സാങ്കേതികമാണ്, ചിലത് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടതാണ്, സംരംഭം തുടങ്ങിയാല്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാലോചിച്ച് ഇരിക്കുന്നവരുമുണ്ട്. ഇവര്‍ക്കൊക്കെ എങ്ങനെ സഹായമെത്തിക്കാമെന്ന ചോദ്യത്തിനുളള മറുപടിയാണ് എംഎസ്എംഇ ക്ലിനിക്കുകള്‍. 14 ജില്ലകളിലും എംഎസ്എംഇ ക്ലിനിക്ക് ഏപ്രിൽ ഒന്നു മുതൽ വിദഗ്ധരുടെ സേവനത്തോടെ ആരംഭിക്കാന്‍ സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

സംശയങ്ങളുമായി ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെത്തുന്ന സംരംഭകര്‍ക്ക് ഏറ്റവും അനുയോജ്യനായ വിദഗ്ധനുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കും. സംസ്ഥാനത്തുടനീളം സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലായി 168 പേരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പാനലില്‍ ജില്ലാ തലത്തിലാണ് തയാറാക്കിയിരിക്കുന്നത്. ബാങ്കിങ്ങ്, ലൈസന്‍സുകളും അനുമതികളും, വിശദ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, കയറ്റുമതി, ജിഎസ്ടി, നിയമം, മാര്‍ക്കറ്റിങ്ങ്, സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിലാണ് നിലവില്‍ പാനല്‍ രൂപീകരിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാര്‍ സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ എംഎസ്എംഇ ക്ലിനിക്കുകള്‍ പുതു സംരംഭകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 2022 വര്‍ഷത്തില്‍ മാത്രം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തില്‍ ക്ലിനിക്കുകളുടെ സേവനം ഏറെ പ്രയോജനപ്രദമാകും. സംരംഭങ്ങളുടെ സ്‌കേലിങ്ങ് അപ് ഘട്ടത്തിലും ക്ലിനിക്കുകള്‍ക്ക് ഉപദേശം നല്‍കാന്‍ സാധിക്കും.

Tags