റിപ്പോ നിരക്ക് 4.40 ശതമാനമായി വര്‍ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക്

google news
rbi

മുംബൈ: രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

4.40 ശതമാനമായാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 0.40 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. നാണ്യപ്പെരുപ്പ നിരക്കുകള്‍ കൂടിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

കൊവിഡ് പശ്ചാത്തലത്തില്‍ 2020 മെയ് മാസം മുതല്‍ റിപ്പോ നിരക്കുകള്‍ നാല് ശതമാനമായി തുടരുകയായിരുന്നു. വിപണിയിലെ പണലഭ്യത കുറച്ച്‌ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വര്‍ധന. മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച്‌ വോട്ട് ചെയ്തു.

അതേസമയം റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ വിപണി ഇടിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം സെന്‍സെക്‌സില്‍ 1200 പോയിന്റുകളുടെ ഇടിവാണുണ്ടായത്. നിഫ്റ്റിയില്‍ 1.86 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി.

കൊവിഡ് മഹാമാരിയ്ക്ക് പിന്നാലെ യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ റിസര്ഡവ് ബാങ്ക് തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

Tags