സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് സ്റ്റാര്‍ ഹെല്‍ത്ത്

google news
tt
കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി വനിതകള്‍ക്കായുള്ള സമഗ്ര ആരോഗ്യ പരിരക്ഷാ പോളിസിയായ സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. വനിതകള്‍ക്ക് ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ഉപകരിക്കുന്ന ആരോഗ്യ പരിരക്ഷാ ആവശ്യങ്ങള്‍ പരിഗണിച്ചു പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് ഈ പോളിസി. 

 

18 മുതല്‍ 75 വയസു വരെയുള്ള എല്ലാ വനിതകള്‍ക്കും വ്യക്തിഗത, ഫ്ളോട്ടര്‍ പോളിസികളായി ഇതു ലഭിക്കും.  ഒരു വര്‍ഷ, രണ്ടു വര്‍ഷ, മൂന്നു വര്‍ഷ കാലാവധികള്‍ക്കായി എടുക്കാവുന്ന ഈ പോളിസിയുടെ പ്രീമിയം ത്രൈമാസ, അര്‍ധ വാര്‍ഷിക തവണകളായി അടക്കാം. മുന്‍കൂട്ടിയുള്ള വൈദ്യ പരിശോധനകളും ആവശ്യമില്ല.  സാധാരണ ആശുപത്രി ചികില്‍സയ്ക്കു പുറമെ അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ചികില്‍സ, പ്രസവം (മുന്‍പും പിന്‍പുമുള്ള പരിരക്ഷ), വിവിധ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍, പ്രതിരോധ ആരോഗ്യ പരിശോധനകള്‍, സ്വയമേയുള്ള സ്റ്റെറിലൈസേഷന്‍, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ തുടങ്ങിയവയ്ക്കും സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷുറന്‍സ് പോളിസിയിലൂടെ പരിരക്ഷ ലഭിക്കും.

 

ഈ പോളിസിയിലൂടെ നവജാത ശിശുക്കള്‍ക്കും പരിരക്ഷ ലഭ്യമാണ്.  നവജാത ശിശുക്കള്‍ക്ക് ആദ്യ ദിവസം മുതല്‍ പരിരക്ഷാ തുകയുടെ 25 ശതമാനം വരേയും തുടര്‍ന്നുളള വര്‍ഷങ്ങളില്‍ 100 ശതമാനവും ഇന്‍ഷുറന്‍സ് ലഭിക്കും.  ഒരു കോടി രൂപ വരെയുള്ള പരിരക്ഷ ഈ പദ്ധതി പ്രകാരം ലഭ്യമാണ്.  ഒരു വനിതയെങ്കിലുമുളള കുടുംബത്തിന് ഫ്ളോട്ടര്‍ പദ്ധതി പ്രകാരം ഭര്‍ത്താവിനും ആശ്രിതരായ കുട്ടികള്‍ക്കും പരിരക്ഷ ലഭിക്കും. 

 

വനിതകള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള പരിരക്ഷ നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആനന്ദ് റോയ് പറഞ്ഞു.  വനിതകള്‍ക്ക് ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനാവുന്ന വിധത്തിലുള്ള ഈ പോളിസി അവരെ സാമ്പത്തിക പ്രശ്നങ്ങളേയും വര്‍ധിച്ചു വരുന്ന ചികില്‍സാ ചെലവുകളേയും കുറിച്ച് ആശങ്കയില്ലാതെ മുന്നോട്ടു പോകാന്‍ സഹായിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags