അദാനി ഗ്രൂപ്പിന്‍റെ ഓഹരികളില്‍ ഇടിവ് തുടരുന്നു

adani

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും അദാനി ഗ്രൂപ്പിന്‍റെ ഓഹരികളില്‍ ഇടിവ് തുടരുന്നു. അദാനി ഗ്രൂപ്പിന്‍റെ ചില കമ്പനി ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന്‍റെ ചില കമ്പനികള്‍ക്കെതിരെ സെബിയും റവന്യു ഇന്റലിജന്‍സും അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇടിവ് ആരംഭിച്ചത്. 

സെബി ചട്ടങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ചില അദാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ച് സെബി അന്വേഷിക്കുന്നുണ്ടെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞദിവസം പാര്‍ലമെന്‍റില്‍ ചോദ്യത്തിന് ഉത്തരമായി നല്‍കിയത്. 

അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവയുടെ ഓഹരികള്‍ക്ക് മുംബൈ ഓഹരിവിപണിയില്‍ 5 ശതമാനത്തോളം ഇടിവ് സംഭവിച്ചുവെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്. 

അദാനി ഗ്രൂപ്പിന്‍റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരിയിലും 3.2 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. അദാനി പോര്‍ട്ട് ആന്‍റ് എസ്ഇസെഡിന് 2.6 ശതമാനം ഇടിവ് വന്നിട്ടുണ്ട്.