എയർ ഇന്ത്യ ഇനി ടാറ്റയുടേത്; ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി

google news
Air india

ന്യൂഡല്‍ഹി: എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം. എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ടാലേസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസ്സറ്റ് മനേജ്മെന്റ് സെക്രട്ടറി തുഹിൻ കാന്ത് പാണ്ഡെ അറിയിച്ചു. പുതിയ ഭരണ ബോർഡും നിലവിൽ വന്നു.

18,000 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സ്വന്തമാക്കിയത്. 69 വർഷത്തിന് ശേഷം എയർ ഇന്ത്യ തിരികെ ടാറ്റ ഗ്രൂപ്പിൻ്റെ അധീനതയിൽ വന്നതിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ സന്തോഷം പ്രകടിപ്പിച്ചു. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു മുന്നോടിയായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 

കഴിഞ്ഞ ഒക്ടോബറില്‍ എയര്‍ ഇന്ത്യയുടെ ലേല നടപടികളില്‍ 18,000 കോടി രൂപയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ചാണ് ടാറ്റ ഒന്നാമതെത്തിയത്. എയര്‍ ഇന്ത്യ എക്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിൻ്റെ 50ശതമാനം ഓഹരികളുമാണ് ടാറ്റയ്ക്ക് ലഭിക്കുക. ഇതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിനു കീഴിലായി. 

കനത്ത കടബാധ്യതയെതുടര്‍ന്ന് എയര്‍ ഇന്ത്യയെ വിറ്റൊഴിയാന്‍ സര്‍ക്കാര്‍ പലതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തയ്യാറായത്. കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകള്‍ കഴിഞ്ഞ തിങ്കളാഴ്ച എയര്‍ ഇന്ത്യ ടാറ്റയ്ക്കു കൈമാറിയിരുന്നു. പുനരുജ്ജീവന പാക്കേജിൻ്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.

Tags