സച്ചിന്‍, അനില്‍ അംബാനി ഉള്‍പ്പെടെയുള്ള പ്രമുഖരും; പാന്‍ഡോറപേേപ്പഴേസ് വെളിപ്പെടുത്തിയത് ഞെട്ടിക്കും വിവരങ്ങള്‍​​​​​​​

google news
sacin and mukesh ambani

 ലോകത്തെ ശത കോടീശ്വരന്മാരായ വ്യക്തികളുടെ രഹസ്യ ധന നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി പാന്‍ഡോറ പേപ്പേഴ്‌സ്. രാജ്യത്തെ ഞെട്ടിക്കും വിധം ഇന്ത്യയിലെ വന്‍ സെലിബ്രിറ്റികളില്‍ പലരും ഇതില്‍ ഉള്‍പ്പെടുന്നു. പതിന്നാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാന്‍ഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. നൂറു കണക്കിന് ലോക നേതാക്കള്‍, ശതകോടീശ്വരന്‍മാര്‍, സെലിബ്രിറ്റികള്‍, മത നേതാക്കള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ഇരുപത്തി അഞ്ച് വര്‍ഷത്തോളമായി ഒളിച്ചു വച്ച ആസ്തി വിവരങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.

117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിലെ 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. പണ്ടോറ പേപ്പറുകള്‍ എന്ന് വിളിക്കുന്ന ഈ റിപ്പോര്‍ട്ട് ലോകത്തെ ശതകോടീശ്വരന്മാരും അഴിമതിക്കാരും മറച്ചു വെച്ച ഇടപാടുകളിലേക്കും, ലക്ഷം കോടി കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ സംരക്ഷിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങളിലേക്കുമാണ് വെളിച്ചം വീശിയിരിക്കുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 380 ഇന്ത്യന്‍ പൗരന്മാര്‍ പാന്‍ഡോറ പേപ്പറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഇതുവരെ അറുപതോളം പ്രമുഖ വ്യക്തികളുമായും കമ്പനികളുമായും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു കഴിഞ്ഞുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് വ്യക്തമാക്കുന്നു. ഈ രേഖകള്‍ സ്വകാര്യ ഓഫ്ഷോര്‍ ട്രസ്റ്റുകളിലെ സെറ്റില്‍ഡ് ആസ്തികളുടെ ആത്യന്തിക ഉടമസ്ഥതയുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ ഓഫ്ഷോര്‍ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയര്‍ ഹോള്‍ഡിങ്, റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ എന്നിവ അടക്കമുള്ള നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസ്തുത പട്ടികയിലുണ്ട്. അനില്‍ അംബാനി, സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്ത് നിന്ന് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി, വ്യവസായി കിരണ്‍ മജുംദാര്‍ ഷാ എന്നിവരുമായി ബന്ധപ്പെട്ടുള്ള രഹസ്യ രേഖകളും പാന്‍ഡോറ പേപ്പറില്‍ ഉള്‍പ്പെടുന്നു. പാപ്പരാണെന്ന് കോടതിയെ അറിയിച്ച അനില്‍ അംബാനി നികുതി വെട്ടിപ്പിനായി വിദേശത്ത് 18 കമ്പനികള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഐ.സി.ഐ.ജെ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് വ്യക്തമാക്കുന്നു.

നികുതി വെട്ടിക്കുവാനും മറ്റുള്ളവരില്‍ നിന്നും മറച്ചുവച്ച് സാമ്പത്തിക നേട്ടങ്ങള്‍ കൈയ്യിലാക്കുന്നതിനും വേണ്ടിയാണ് ഈ രഹസ്യ നിക്ഷേപങ്ങളെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, യു.കെ. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആന്‍ഡ്രെജ് ബാബിസ്, കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാറ്റ, ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലസ്സോ തുടങ്ങി 330ല്‍ അധികം സജീവ രാഷ്ട്രിയ പ്രവര്‍ത്തകരുടെ പേരുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്.

7.5 ലക്ഷം ഫോട്ടോകള്‍, ലോകത്തെ 14 ഓളം ടെലികോം സേവന ദാതാക്കളില്‍ നിന്നുള്ള വിവരങ്ങള്‍ തുടങ്ങി ഏകദേശം മൂന്നു ടെറാ ബൈറ്റ് വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മിക്ക ഫയലുകളും 1996 മുതല്‍ 2020 വരെയുള്ളവയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഐ.സി.ഐ.ജെയുടെ ഇന്ത്യയിലെ അന്വേഷണ പങ്കാളി. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി വെട്ടിച്ച് നിക്ഷേപിക്കാന്‍ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 1.2 കോടി രേഖകള്‍ ഒരു വര്‍ഷത്തോളം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് പണ്ടോറ പേപ്പേഴ്‌സ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, സീഷെല്‍സ്, ഹോങ്കോംഗ്, ബെലീസ് തുടങ്ങിയ സ്ഥലങ്ങളിലും സ്വത്തുക്കള്‍ പ്രമുഖര്‍ ഒളിപ്പിച്ചിട്ടുണ്ട്. സൗത്ത് ഡക്കോട്ടയില്‍ 81 ഉം ഫ്ലോറിഡയില്‍ 37 ഉം ഉള്‍പ്പെടെ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില ട്രസ്റ്റുകളുടെ മറവിലും അനധികൃത സ്വത്ത് കുന്നുകൂടിയിരിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം

Tags