ഉല്‍പ്പന്ന മൂല്യത്തിന്‍റെ 20 മടങ്ങ് വരെ സൗജന്യ മോഷണ ഇന്‍ഷുറന്‍സുമായി ഗോദ്റെജ് ലോക്ക്സ്

google news
gh
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഭാഗമായ ഗോദ്റെജ് ലോക്ക്സ് ഉപയോക്താക്കള്‍ക്ക് കവര്‍ച്ചയില്‍ നിന്നും ഭവനഭേദനത്തില്‍ നിന്നും പരിരക്ഷ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. അഞ്ചാമത് ഭവന സുരക്ഷാ ദിനാചരണത്തിന്‍റെ ഭാഗമായി ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് കമ്പനി  പദ്ധതി നടപ്പിലാക്കുന്നത്.

 

ഗോദ്റെജ് ലോക്കുകള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് കവര്‍ച്ചയില്‍ നിന്നും ഭവനഭേദനത്തില്‍ നിന്നും 1,280 കോടി രൂപവരെ പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. കവര്‍ച്ചയ്ക്കും ഭവനഭേദനത്തിനും എതിരെ ജാഗ്രത പുലര്‍ത്താനും സുരക്ഷിതരായിരിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. 

 

ഗോദ്റെജിന്‍റെ അതീവ സുരക്ഷാ സംവിധാനമുള്ള ഡിജിറ്റല്‍ ഡോര്‍ ലോക്ക്സ് ശ്രേണിയായ അഡ്വാന്‍റിസ്, പുതിയതായി വിപണിയിലിറങ്ങിയതും പൂര്‍ണമായി ഇന്ത്യയില്‍ രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്നതുമായ സ്പേസ്ടെക് പ്രോ എന്നീ ലോക്കുകളും  പെന്‍റബോള്‍ട്ട് ഏരീസ്, പെന്‍റബോള്‍ട്ട് ഇഎക്സ്എസ്+, അല്‍ട്രിക്സ് & ആസ്ട്രോ എന്നിവ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും.

 

പാക്കറ്റിലുള്ള ക്യുആര്‍കോഡ് സ്കാന്‍ ചെയ്ത്,  ജിഎസ്ടിയോട് കൂടിയ ഇന്‍വോയ്സ് സമര്‍പ്പിച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. രജിസ്റ്റര്‍ ചെയ്യുന്ന തിയതി മുതല്‍ ഒരു വര്‍ഷമാണ് ഇന്‍ഷുറന്‍സ് കാലാവധി. ലോക്കിന്‍റെ  പരമാവധി ചില്ലറ വില്‍പന വില (എംആര്‍പി)യുടെ 20 മടങ്ങായിരിക്കും ഇന്‍ഷുറന്‍സ്. വീട്ടില്‍ ഭവന ഭേദനമോ മോഷണമോ സംഭവിക്കുകയും ലോക്ക് തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ എഫ്ഐആറിന്‍റെ പകര്‍പ്പോടുകൂടി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാവുന്നതാണ്. ആഭരണങ്ങള്‍ക്കും ഉയര്‍ന്ന മൂല്യമുള്ള ഉല്‍പന്നങ്ങള്‍ക്കും പരിരക്ഷ ലഭ്യമാകും. 

 

ഉപഭോക്താക്കള്‍ക്ക് ഗൃഹ സുരക്ഷ ഒരുക്കുന്നതില്‍ ഗോദ്റെജ് ലോക്ക്സ് എപ്പോഴും മുന്‍നിരയിലാണെന്നും ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ ഇപ്പോള്‍ ഒരു അധിക ഭവന സുരക്ഷ  കൂടി ലഭ്യമാക്കുകയാണെന്നും ഇതിലൂടെ കമ്പനി 30 ശതമാനം വില്‍പന വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ഗോദ്റെജ് ലോക്ക്സ് ബിസിനസ് മേധാവിയും എക്സിക്യുട്ടീവ് വിപിയുമായ ശ്യാം മോത്വാനി പറഞ്ഞു. 

 

ഉപഭോക്താക്കളുടെ ആശങ്കയും അരക്ഷിതാവസ്ഥയും കുറയ്ക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ സിഇഒയും മുഴുവന്‍ സമയ ഡയറക്ടറുമായ രൂപം അസ്താന പറഞ്ഞു
 

Tags