ജി20യുടെ ആവേശം വിപണിയില്‍ നീണ്ടു നില്‍ക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍

google news
kll

രാജ്യാന്തര വിപണി ഫെഡ് ഫിയറില്‍ നട്ടംതിരിഞ്ഞ കഴിഞ്ഞ ആഴ്ചയില്‍ ജി-20 ആവേശത്തിന്റെ കൂടി പിന്തുണയില്‍ ഇന്ത്യൻ വിപണി മികച്ച മുന്നേറ്റം നടത്തി.മുൻആഴ്ചയിലെ എഫ്&ഓ ക്ളോസിങ് ദിനത്തില്‍ തകര്‍ച്ച നേരിട്ട ശേഷം വെള്ളിയാഴ്ച മുതല്‍ തിരിച്ചു കയറി തുടങ്ങിയ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയില്‍ ഒന്നര ശതമാനത്തോളം നേട്ടമുണ്ടാക്കി. പൊതു മേഖല ഓഹരി സൂചിക 5%ല്‍ കൂടുതല്‍ മുന്നേറിയപ്പോള്‍ റിയല്‍റ്റി, എനര്‍ജി സെക്ടറുകള്‍ 4%ല്‍ കൂടുതലും, ഇൻഫ്രാ, പൊതു മേഖല ബാങ്കുകള്‍, സ്‌മോള്‍ & മിഡ് ക്യാപ് സെക്ടറുകള്‍ 3%ല്‍ കൂടുതലും നേട്ടം കഴിഞ്ഞ ആഴ്ചയില്‍ സ്വന്തമാക്കി. ഐടി സെക്ടര്‍ കഴിഞ്ഞ ആഴ്ചയില്‍ 2% നേട്ടം കുറിച്ചു.

chungath1

ആഴ്ചയുടെ ആദ്യ ദിനങ്ങളില്‍ തന്നെ നിഫ്റ്റി 50ദിന മൂവിങ് ആവറേജിന് മുകളില്‍ വന്നതും, ബാങ്കിങ് ഓഹരികളില്‍ വാങ്ങല്‍ പ്രകടമായതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. എച്ച്‌ഡിഎഫ്സി ബാങ്കില്‍ ബുധനാഴ്ച വന്ന വാങ്ങലാണ് ഇന്ത്യൻ വിപണിയുടെ തുടര്‍മുന്നേറ്റത്തിന് അടിത്തറയിട്ടത്. വെള്ളിയാഴ്ച 19867 പോയിന്റ് വരെ മുന്നേറിയ ശേഷം 19819 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 19600 പോയിന്റിലെ പിന്തുണ നഷ്ടമായാല്‍ 50 ഡിഎംഎ ആയ 19500 പോയിന്റിന് സമീപം പിന്തുണ നേടിയേക്കാം. 19880 പോയിന്റ് പിന്നിട്ടാല്‍ 19960 പോയിന്റിലാണ് റെക്കോര്‍ഡ് തിരുത്തുന്നതിന് മുൻപ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്.
ചൈനയുടെ അസാന്നിധ്യത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 യോഗത്തില്‍ ഇന്ത്യയുടെ മുന്നേറ്റം തന്നെയാണ് ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള റെയില്‍പാതയും മറ്റും മിഡില്‍ ഈസ്റ്റിലെ വ്യാപാരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കും.

അമേരിക്കൻ നേവി മാസഗോണ്‍ ഡോക്കുമായി കപ്പല്‍ അറ്റകുറ്റപണികള്‍ക്കുള്ള ധാരണയായതും, ഇന്ത്യൻ ലിക്കറിന് ജി-20 രാജ്യങ്ങളില്‍ നികുതിയൊഴികെയുള്ള കാര്യങ്ങള്‍ക്ക് പിന്തുണ നേടിയതുമടക്കമുള്ള ജി-20 യോഗം തുടങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യൻ കോര്‍പറേറ്റുകള്‍ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. ജി-20 യോഗം ഇന്ത്യൻ കോര്‍പ്പറേറ്റ് ലോകത്തിന് കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുമെന്ന് കരുതുന്നു.

ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റ വിപണി അനുമാനത്തിനൊപ്പം നിന്നതും, അമേരിക്കൻ ജിഡിപി വിപണി പ്രതീക്ഷിച്ച മുന്നേറ്റം നേടാതിരുന്നതും ഫെഡ് നിരക്ക് വര്‍ദ്ധിപ്പിക്കില്ല എന്ന വിപണിപ്രതീക്ഷ വളര്‍ത്തിയത് മുൻ ആഴ്ചയില്‍ വിപണിമുന്നേറ്റത്തിന് കാരണമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച പുറത്ത് വന്ന സര്‍വിസ് പിഎംഐയും, ജോബ് ഡേറ്റയും അടക്കമുള്ള അമേരിക്കൻ ഡേറ്റകള്‍ ഫെഡ് റിസര്‍വിന് നിരക്ക് വര്‍ദ്ധനക്ക് അനുകൂലമാണെന്നത് ലോക വിപണിക്ക് കഴിഞ്ഞ ആഴ്ചയില്‍ ക്ഷീണമായി. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധന ഭീഷണിയുടെ പിൻബലത്തില്‍ ഡോളറും അമേരിക്കൻ ബോണ്ട് യീല്‍ഡും മുന്നേറിയത് കഴിഞ്ഞ ആഴ്ച അമേരിക്കൻ വിപണിക്കൊപ്പം യൂറോപ്യൻ വിപണികള്‍ക്കും, ഇന്ത്യ ഒഴികെയുള്ള ഏഷ്യൻ വിപണികള്‍ക്കും തിരുത്തല്‍ നല്‍കി.

അമേരിക്കൻ ഫെഡ് റിസര്‍വിന്റെ അടുത്ത യോഗത്തിന്റെ തീരുമാനങ്ങള്‍ സെപ്തംബര്‍ ഇരുപതിന് പുറത്ത് വരുന്നത് ലോക വിപണിക്ക് തന്നെ നിര്‍ണായകമാണ്. ബുധനാഴ്‌ച വരുന്ന അമേരിക്കൻ റീറ്റെയ്ല്‍ പണപ്പെരുപ്പക്കണക്കുകള്‍ ഫെഡ് തീരുമാനങ്ങളെക്കുറിച്ച്‌ സൂചന നല്‍കുമെന്നതിനാല്‍ ലോക വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായേക്കാം.

അമേരിക്കയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പകണക്കുകള്‍ സൂചിപ്പിക്കുന്ന സിപിഐ ഡാറ്റ ബുധനാഴ്ചയും, ഫാക്ടറി ഗേറ്റ് വിലസൂചികകയായ പിപിഐ ഡേറ്റ വ്യാഴ്ചയും പുറത്ത് വരുന്നത് അമേരിക്കൻ വിപണിക്ക് നിര്‍ണായകമാണ്. ജൂലൈ മാസത്തില്‍ വാര്‍ഷിക വളര്‍ച്ച വിപണി അനുമാനത്തേക്കാള്‍ മെച്ചപ്പെട്ട് 3.2%ല്‍ ഒതുങ്ങിയത് വിപണിക്ക് അനുകൂലമായിരുന്നു. കോര്‍ സിപിഐയുടെ വാര്‍ഷിക വളര്‍ച്ചയും വിപണി അനുമാനത്തേക്കാള്‍ മെച്ചപ്പെട്ട് 4.7%ലേക്ക് കുറഞ്ഞിരുന്നു.

വ്യാഴാഴ്ച വരുന്ന റീറ്റെയ്ല്‍ വില്പനക്കണക്കുകളും, വെള്ളിയാഴ്ച വരുന്ന വ്യവസായികോല്പാദനകണക്കുകളും, മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ കണ്‍സ്യൂമര്‍ സെന്റിമെൻറ്, ഇൻഫ്‌ളേഷൻ അനുമാനങ്ങളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.

ചൊവ്വാഴ്ച വരുന്ന ബ്രിട്ടീഷ് തൊഴിലില്ലായ്മ നിരക്കും, സ്പാനിഷ് സിപിഐ ഡേറ്റയും, ബുധനാഴ്ച വരുന്ന ബ്രിട്ടീഷ് ജിഡിപി- വ്യവസായികോല്പാദന കണക്കുകളും യൂറോപ്യൻ വിപണിയെ സ്വാധീനിച്ചേക്കാം. വെള്ളിയാഴ്ചയാണ് ഫ്രഞ്ച്, ഇറ്റാലിയൻ സിപിഐ കണക്കുകളും ജര്‍മൻ പിപിഐ കണക്കുകളും പുറത്ത് വരുന്നത്.

വെള്ളിയാഴ്ച വരുന്ന ചൈനയുടെ ഇൻഡസ്ട്രിയല്‍ പ്രൊഡക്ഷൻ കണക്കുകള്‍ ലോക വിപണിയെ തന്നെ സ്വാധീനിക്കും. ചൈനയുടെ റീറ്റെയ്ല്‍ വില്പന- തൊഴിലില്ലായ്മ കണക്കുകളും വെള്ളിയാഴ്ച തന്നെയാണ് പുറത്ത് വരിക.
ചൊവ്വാഴ്ച വരുന്ന ഇന്ത്യയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പക്കണക്കുകള്‍ ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ജൂലൈ മാസത്തില്‍ 7.44% വാര്‍ഷിക വളര്‍ച്ച കുറിച്ച ഇന്ത്യയുടെ കണ്‍സ്യൂമര്‍ പ്രൈസ് ഇൻഡക്സിന്റെ ഓഗസ്റ്റിലെ വളര്‍ച്ചയുടെ തോത് കുറഞ്ഞിട്ടുണ്ടാകാമെന്ന് കരുതുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകള്‍ പുറത്ത് വരുന്നത്.ചൊവ്വാഴ്ച തന്നെയാണ് ഇന്ത്യയുടെ വ്യവസായികോല്പാദനകണക്കുകള്‍ വെളിപ്പെടുത്തുന്ന ഐഐപി ഡേറ്റയും, മാനുഫാക്ച്ചറിങ് ഔട്പുട്ടും പുറത്ത് വരുന്നത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം