ജിഎസ്ടി വരുമാനത്തിൽ കുതിപ്പ്,കേരളത്തിന് ലോട്ടറി

google news
GST
കൊച്ചി: സമ്പദ്‌പ്രവര്‍ത്തനങ്ങള്‍ ഉഷാറായി തുടരുന്നുവെന്ന് വ്യക്തമാക്കി ഡിസംബറിലും ലഭിച്ചത് മികച്ച ജി.എസ്.ടി വരുമാനം.1.29 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 22,578 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 28,658 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 69,155 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. തുടര്‍ച്ചയായ മൂന്നാംമാസമാണ് 1.30 ലക്ഷം കോടി രൂപയ്ക്കടുത്ത് ജി.എസ്.ടി സമാഹരണം തുടരുന്നത്. 1,29,780 കോടി രൂപയാണ് കഴിഞ്ഞമാസം നേടിയത്.

നവംബറിലെ ഇടപാടുകളുടെ നികുതി സമാഹരണമാണ് ഡിസംബറില്‍ നടന്നത്. നവംബറില്‍ ഇ-വേ ബില്ലുകളുടെ എണ്ണം ഒക്‌ടോബറിലെ 7.4 കോടിയില്‍ നിന്ന് 17 ശതമാനം താഴ്‌ന്ന് 6.1 കോടിയിലെത്തിയെങ്കിലും നികുതിഅടവ് മെച്ചപ്പെട്ടതും കേന്ദ്ര-സംസ്ഥാന നികുതിവകുപ്പുകളുടെ മികച്ച പ്രവര്‍ത്തനവും വരുമാനം കൂടാന്‍ സഹായിച്ചുവെന്ന് ധനമന്ത്രാലയം അഭിപ്രായപ്പെട്ടു.

ഇത് കൂടാതെ സെസ് ഇനത്തില്‍ 9,389 കോടി രൂപയും ലഭിച്ചു. 2020 ഡിസംബറിലെ 1.15 ലക്ഷം കോടി രൂപയേക്കാള്‍ 13 ശതമാനവും 2019 ഡിസംബറിലെ 1.03 ലക്ഷം കോടി രൂപയേക്കാള്‍ 26 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തെ സമാഹരണം. ഇറക്കുമതി ഉത്‌പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ കഴിഞ്ഞമാസം 36 ശതമാനം വര്‍ദ്ധനയുണ്ട്. 

കേരളത്തിന്റെ വളര്‍ച്ച 7% ആണ്. ജി.എസ്.ടിയായി ഡിസംബറില്‍ കേരളം നേടിയത് 1,895 കോടി രൂപ. 2020 ഡിസംബറിലെ 1,776 കോടി രൂപയേക്കാള്‍ ഏഴ് ശതമാനം അധികമാണ്. മഹാരാഷ്‌ട്ര (19,592 കോടി രൂപ), കര്‍ണാടക (8,335 കോടി രൂപ), ഗുജറാത്ത് (7,336 കോടി രൂപ) എന്നിവയാണ് ഏറ്റവുമധികം ജി.എസ്.ടി സമാഹരിച്ച സംസ്ഥാനങ്ങള്‍.

Tags