പ്രതിരോധ-എയ്റോസ്പേസ് രംഗം കേരള സ്റ്റാര്‍ട്ടപ്പുകള്‍ ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല- ഹഡിലില്‍ വിദഗ്ധര്‍

google news
Kerala startups yet to grab openings in defence, aerospace: Experts at Huddle Global

തിരുവനന്തപുരം: പ്രതിരോധം-എയ്റോസ്പേസ് രംഗത്തെ അനന്തസാധ്യതകള്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഇനിയും പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍  ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയ്ക്ക് ശേഷം ഇത്തരം അവസരങ്ങളുടെ കലവറ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ തുറന്നു കിടക്കുകയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പ്രതിരോധ മന്ത്രായലത്തിന്‍റെ ഐഡിഇഎക്സ് പദ്ധതിയില്‍ നിന്ന് കാര്യമായ ഒരു നേട്ടവുമുണ്ടാക്കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സാധിച്ചിട്ടില്ലെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട.) സഞ്ജീവ് നായര്‍ പറഞ്ഞു. നൂതന സാങ്കേതികവിദ്യയും നവീന ആശയങ്ങളും ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് മന്ത്രാലയം ഈ പദ്ധതി ആവിഷ്കരിച്ചത്.

ഡിഫന്‍സ് ഇനോവേഷന്‍ ഓര്‍ഗനൈസേഷനാണ് ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല. പ്രതിരോധ-എയ്റോസ്പേസ് രംഗത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വ്യക്തിഗത ഇനോവേറ്റര്‍മാര്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു ഇത്. നിരവധി ധനസഹായവും സാങ്കേതിക പിന്തുണയുമുള്ള പദ്ധതിയാണിതെങ്കിലും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഇത് ഉപയോഗപ്പെടുത്തിയത് തുലോം കുറവാണെന്നും കേണല്‍ സഞ്ജീവ് ചൂണ്ടിക്കാട്ടി.

തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും അത് സൈനികസേവനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതിനും വളരെ പ്രോത്സാഹനം നല്‍കുന്ന സമയമാണിതെന്ന് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ സൗരഭ് ശിവ് ചൂണ്ടിക്കാട്ടി. നൂതനത്വത്തിനും അത്യാധുനിക സാങ്കേതികവിദ്യയ്ക്കുമായി തദ്ദേശീയ ആവാസവ്യവസ്ഥ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

വ്യോമസേനയാകട്ടെ തദ്ദേശീയമായ സാങ്കേതികവിദ്യയ്ക്കായി കാത്തിരിക്കുകയാണ്. പണം, അവസരം എന്നിവ യഥേഷ്ടമുണ്ട്. വെല്ലുവിളി സ്റ്റാര്‍ട്ടപ്പുകളുടെ കോര്‍ട്ടിലാണ്. അതിനാല്‍ അവസരത്തിനൊത്തുയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രതിരോധ മന്ത്രാലയത്തിന്‍റെ ഐഡിഇഎക്സ് പദ്ധതി വഴി ബഹിരാകാശ ഔഷധ സ്റ്റാര്‍ട്ടപ്പായ ആസ്ട്രോമീഡിയ സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ രാജാഗുരു നാഥന്‍ കെ സ്വന്തം അനുഭവം വിവരിച്ചു.

വിവിധ വാണിജ്യസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ഉത്പന്നങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന കഠിനാധ്വാനികളായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ അറിയിച്ചു. കോര്‍പറേറ്റുകള്‍ക്കായുള്ള നൂതനത്വവും സ്റ്റാര്‍ട്ടപ്പുകളുടെ ഉയര്‍ച്ചയും എന്ന വിഷയത്തിലെ ചര്‍ച്ചയിലാണ് വാണിജ്യലോകം നിലപാട് വ്യക്തമാക്കിയത്. ഉപഭോക്തൃ പ്രശ്നങ്ങളെ ശരിയായി വിലയിരുത്തുകയും അതു വഴി കോര്‍പറേറ്റുകളുമായി അതിന്‍റെ പരിഹാര നടപടികള്‍ ചര്‍ച്ച ചെയ്ത് സഹകരണത്തിലേക്കെത്തുകയാണ് വേണ്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

വിവിധ സ്റ്റാര്‍ട്ടപ്പുകളുമായി നടത്തിയ പങ്കാളിത്തത്തിന്‍റെ അനുഭവങ്ങള്‍ കോര്‍പറേറ്റ് ലോകത്തുള്ള പ്രമുഖര്‍ വിവരിച്ചു. കോര്‍പറേറ്റുകളെ സംബന്ധിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ ലോകത്തിന്‍റെ ഏതു ഭാഗത്ത് പ്രവര്‍ത്തിക്കുന്നുവെന്നത് വിഷയമല്ല, മറിച്ച് മികച്ച ഉത്പന്നമാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഹിറ്റാച്ചി പേയ്മന്‍റ് സര്‍വീസിന്‍റെ ബിസിനസ് സ്ട്രാറ്റജി ആന്‍ഡ് ഇനോവഷന്‍ വൈസ് പ്രസിഡന്‍റ് റിഷഭ് ഗനേരിവാല, സൊസൈറ്റ് ജനറല്‍ ഗ്ലോബല്‍ സൊല്യൂഷന്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ജ്യോതി പഹാഡ്സിംഗ്, ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ഇനോവേഷന്‍ വിഭാഗം അസി. വൈസ് പ്രസിഡന്‍റ് ശ്വേത അഗര്‍വാള്‍, ജിയോ ജെന്‍നെക്സ്റ്റ് സ്ട്രാറ്റജിക് അലയന്‍സ് പാര്‍ട്ണര്‍ ജോര്‍ജ്ജ് പോള്‍, സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാക്ക് അസോസിയേറ്റ് ഡയറക്ടര്‍ വിജേത ശാസ്ത്രി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.