മെറ്റയിൽ പിരിച്ചുവിടൽ തുടരുമെന്ന് റിപ്പോർട്ട്; കൂടുതൽ ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടും

Layoffs Reported to Continue at Meta
 


ന്യൂഡൽഹി: മെറ്റയിൽ പിരിച്ചുവിടൽ തുടരുമെന്ന് റിപ്പോർട്ട്. അടുത്ത മാസങ്ങളിൽ മെറ്റ ഒന്നിലധികം തവണ പിരിച്ചുവിടൽ ആസൂത്രണം ചെയ്യുന്നു എന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയുന്നത്. ഇനിയുള്ള പിരിച്ചുവിടലുകൾ കഴിഞ്ഞ വർഷമുണ്ടായ 13 ശതമാനം ജോലി വെട്ടിക്കുറയ്ക്കലിന്റെയത്ര (11,000 ജീവനക്കാർ) വരുമെന്നും മെറ്റാ എഞ്ചിനീയറിങ് ഇതര വിഭാ​ഗങ്ങളെയും നീക്കം ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എഞ്ചിനീയറിങ് ഇതര തൊഴിലാളികളെയാണ് ഏറ്റവും കൂടുതൽ പിരിച്ചുവിടാൻ സാധ്യതയെന്നും പിരിച്ചുവിടൽ ഒന്നിലധികം തവണയായി പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

കൂടാതെ ചില പ്രോജക്ട് ടീമുകളും അടച്ചുപൂട്ടുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഏകദേശം 11,000 ജോലികൾ അല്ലെങ്കിൽ 13 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചു. പുതിയ നടപടിയും അതേ അനുപാതത്തിലായിരിക്കുമെന്നാണ് നി​ഗമനം.

മെറ്റയുടെ ഹാർഡ്‌വെയർ, മെറ്റാവേർസ് വിഭാഗമായ റിയാലിറ്റി ലാബ്‌സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചില ഉപകരണങ്ങളും നിർത്തിവയ്ക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ മേഖലയിലെ ഗവേഷണം ദീർഘകാലാടിസ്ഥാനത്തിൽ തുടരുമെങ്കിലും, സമീപകാലത്ത് വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി ഉൽപ്പന്നങ്ങൾ ജനപ്രിയമാക്കുന്നതിൽ നിന്ന് മെറ്റ മാറുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആദ്യ റൗണ്ട് പിരിച്ചുവിടലുകൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രണ്ടാം പാദത്തിലെ വെട്ടിക്കുറയ്ക്കലുകളുടെ എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ല. 2023 കാര്യക്ഷമതയുടെ വർഷമാകുമെന്ന് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് നേരത്തെ പറഞ്ഞിരുന്നു. മെറ്റയിലെ ചില പദ്ധതികൾ അടച്ചുപൂട്ടുമെന്നും അദ്ദേഹം സൂചന നൽകിയിരുന്നു.