കൊടാക് മഹീന്ദ്ര ബാങ്കിൽ കൂടുതൽ ഓഹരി വാങ്ങാൻ എൽഐസിക്ക് റിസർവ് ബാങ്കിന്‍റെ അനുമതി

google news
LIC gets RBI approval to raise stake in Kotak Mahindra Bank
 

ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കായ കൊടാക് മഹീന്ദ്ര ബാങ്കിൽ കൂടുതൽ ഓഹരി വാങ്ങാൻ എൽഐസിക്ക് അനുമതി. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ കൊടാക് മഹീന്ദ്ര ബാങ്കിലെ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ഓഹരി വിഹിതം ഇനി 9.99 ശതമാനമായി ഉയരും.

ഒരു വർഷത്തിനുള്ളിൽ എൽഐസി നിക്ഷേപം വർധിപ്പിക്കണമെന്നാണ് അനുമതിയിൽ കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. സെബിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമം 1999 ലെ നിയമങ്ങളുടെ അടിസ്ഥാനത്തിലുമാണ് അനുമതി നൽകിയിരിക്കുന്നത്.

സെപ്തംബർ 30 ലെ കണക്കനുസരിച്ച് കൊടാക് മഹീന്ദ്ര ബാങ്കിൽ എൽഐസിക്ക് 4.96 ശതമാനമാണ്. ഉദയ് കൊടാകിനും കുടുംബത്തിനുമായി 26 ശതമാനം ഓഹരിയുണ്ട്. കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡിന് 6.37 ശതമാനം ഓഹരിയുണ്ട്. പ്രമോട്ടർമാരുടെ ഓഹരി വിഹിതം 15 ശതമാനമാക്കണമെന്ന റിസർവ് ബാങ്ക് നിർദ്ദേശത്തിനെതിരെ ഉദയ് കൊടാക് കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് റിസർവ് ബാങ്ക് പ്രമോട്ടർ വിഹിതം 26 ശതമാനമായി നിജപ്പെടുത്തിയത്.
 

Tags