ഒടുവിൽ പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ച് ലിങ്ക്ഡ്ഇൻ; 700ൽ അധികം പേർക്ക് തൊഴിൽ നഷ്ടം

google news
  LinkedIn laying off 700 employees
 

സാമ്പത്തിക മാന്ദ്യം കോർപറേറ്റ് ഭീമന്മാരെയെല്ലാം കൂട്ടപിരിച്ചുവിടലിന്റെ വക്കിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതേ പാത പിന്തുടർന്ന് കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പ്രമുഖ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നും.

അധിക ചെലവ് കുറച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിൽ നടപടിയെന്നാണ് ജീവനക്കാർക്ക് അയച്ച കത്തിൽ ലിങ്ക്ഡ്ഇൻ സിഇഒ റയാൻ റോസ്ലാൻസ്കി വ്യക്തമാക്കുന്നത്. ഇതോടെ, 716 പേർക്കാണ് തൊഴിൽ നഷ്ടമാകുക. രണ്ടാം തവണയാണ് ലിങ്ക്ഡ്ഇൻ പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിടുന്നത്.

ഈ വർഷം ഫെബ്രുവരിയിലാണ് ഒന്നാംഘട്ട പിരിച്ചുവിടൽ നടപടികൾ പൂർത്തീകരിച്ചത്. പ്രധാനമായും റിക്രൂട്ട്മെന്റ് ടീമിനെയാണ് ആദ്യ റൗണ്ട് പിരിച്ചുവിടലുകൾ ബാധിച്ചത്. നിലവിൽ, ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിൽ 20,000 ജീവനക്കാരാണ് ഉള്ളത്.  
  
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ്ഇൻ. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ഇവ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ജോലി തേടുന്നവർക്ക് ആശ്വാസമെന്ന നിലയിലാണ് ലിങ്ക്ഡ്ഇൻ പ്രവർത്തിച്ചിരുന്നത്. പുതിയ ജോലികൾ എളുപ്പത്തിൽ കണ്ടെത്താനും, റിക്രൂട്ടർമാരുമായി കണക്ട് ചെയ്യാനും ലിങ്ക്ഡ്ഇൻ മുഖാന്തരം സാധ്യമാണ്.

 
ചൈന കേന്ദ്രീകരിച്ചുള്ള ഇൻകരിയർ എന്ന ആപ്പ് ലിങ്ക്ഡ്ഇൻ അടച്ചുപൂട്ടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2023 ഓഗസ്റ്റ് 9 വരെ ആപ്പ് പ്രവർത്തിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ മെയിൻലാൻഡ് പ്രൊഫഷണലുകളെ ജോലി കണ്ടെത്തുന്നതിനും കമ്പനികൾ ചൈനയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിന് 2021 ഡിസംബറിൽ ആണ് ലിങ്ക്ഡ്ഇൻ ഇൻകരിയർ ആപ്പ് ആരംഭിച്ചത്. ഐഒഎസിലും ആൻഡ്രോയിഡിലും ഇത് സൗജന്യമായി ലഭ്യമായിരുന്നു.
 

Tags