പുതുവർഷത്തെ ചൂടിൽ വിപണി നേട്ടത്തിൽ

google news
market
കൊച്ചി: തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ഓഹരി ഇന്‍ഡക്‌സുകള്‍ പുതു വര്‍ഷത്തിൻറെ ആദ്യ വാരം അവിസ്‌മരണീയമാക്കി.ബോംബെ സെന്‍സെക്‌സും നിഫ്‌റ്റിയും മൂന്ന്‌ ശതമാനത്തിന്‌ അടുത്ത്‌ മുന്നേറിയപ്പോള്‍ ബാങ്ക്‌ നിഫ്‌റ്റി ആറ്‌ ശതമാനം കുതിച്ചു.

വിദേശ ഫണ്ടുകളുടെ മനം മാറ്റം ഓഹരി വിപണിയുടെ മുഖഛായ തന്നെ മാറ്റി മറിച്ചു. ഏതാനും മാസങ്ങളായി വില്‍പ്പനയ്‌ക്ക്‌ മാത്രം മുന്‍ തൂക്കം നല്‍കിയ അവര്‍ പുതുവര്‍ഷത്തിൻറെ ആദ്യ വാരത്തില്‍ വാങ്ങലുകാരായത്‌ നിഫ്‌റ്റിയെ 17,800 ന്‌ മുകളിലെത്തിച്ചു, സെന്‍സെക്‌സ്‌ 60,000 പോയിന്‍റ്​ മറികടന്നങ്കിലും വ്യാപാരാന്ത്യത്തിലെ പ്രോഫിറ്റ്‌ബുക്കിങില്‍ അല്‍പ്പം തളര്‍ന്നു.

വര്‍ഷാരംഭത്തില്‍ രാജ്യാന്തര വിപണിയില്‍ ബാരലിന്‌ 77.44 ഡോളറില്‍ വിപണനം നടന്ന ക്രൂഡ്‌ ഓയില്‍ പിന്നീട്‌ 82.99 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം വ്യാപാരാന്ത്യം 81.70 ഡോളറിലാണ്‌. എണ്ണ ഉല്‍പാദനം ഉയര്‍ത്തുന്നത്‌ സംബന്ധിച്ച്‌​ ഒപ്പെക്​ നിശബ്‌ദത പാലിച്ചത്‌ വിലക്കയറ്റത്തിന്‌ വഴിതെളിച്ചു

തുടര്‍ച്ചയായ മൂന്നാം വാരമാണ്‌ ഇന്ത്യന്‍ ഇന്‍ഡക്‌സുകള്‍ തിളങ്ങുന്നത്‌. നാല്‌ മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ്‌ വിപണി. സെന്‍സെക്‌സ്‌ 1490 പോയിന്‍റും നിഫ്‌റ്റി 458 പോയിന്‍റും കയറി. പിന്നിട്ടവാരത്തില്‍ സാമ്ബത്തിക, എണ്ണ, പ്രകൃതി വാതക സ്റ്റോക്കുകളില്‍ നിക്ഷേപ താല്‍പര്യം ശക്തമായിരുന്നു.

അതേ സമയം ഹെല്‍ത്ത് കെയര്‍, ടെക്‌നോളജി വിഭാഗം ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായി. വിദേശ ധനകാര്യസ്ഥാനപങ്ങള്‍ വര്‍ഷാന്ത്യം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കാണിച്ച താല്‍പര്യം പുതുവര്‍ഷത്തി​െന്‍റ ആദ്യ വാരത്തിലും ആവര്‍ത്തിച്ചത്‌ നിക്ഷേപകരില്‍ പ്രതീക്ഷ വളര്‍ത്തി. പിന്നിട്ടവാരം ഏകദേശം 3300 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. അവരുടെ നിക്ഷേപ

മനോഭാവത്തിലുണ്ടായ മാറ്റം മാത്രം വിലയിരുത്തിയിട്ട്‌ കാര്യമില്ല. കേന്ദ്രം ബജറ്റിന്‌ ഒരുങ്ങുകയാണ്‌. ഒരു കുതിപ്പ്‌ വിപണിയില്‍ സൃഷ്‌ടിച്ച്‌ ഉയര്‍ന്ന തലത്തില്‍ പുതിയ ഷോട്ട്‌ പൊസിഷനുകള്‍ സൃഷ്‌ടിക്കാന്‍ ഊഹകച്ചവടക്കാരുമായി ഫണ്ടുകള്‍ കൈകോര്‍ക്കാനിടയുണ്ട്‌.

മുന്‍ നിര ബാങ്കിങ്‌ ഓഹരികളായ എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ, ഇന്‍ഡസ്‌ ബാങ്ക്‌, കോട്ടക്​ ബാങ്ക്‌ തുടങ്ങിയവ മികവ്‌ കാണിച്ചു. ബാങ്കിങ്‌ ഓഹരികളിലെ വാങ്ങല്‍ താല്‍പര്യം ബാങ്ക്‌ നിഫ്‌റ്റിക്ക്‌ ഉണര്‍വ്‌ പകര്‍ന്നതിനൊപ്പം സൂചിക6.30 ശതമാനം പ്രതിവാര നേട്ടവും സ്വന്തമാക്കി.

ഒ.എന്‍.ജി.സി, ബജാജ്‌ ഓട്ടോ, ടാറ്റാ സ്‌റ്റീല്‍, കോള്‍ ഇന്ത്യാ, ഐ.ഒ.സി, ആര്‍.ഐ.എല്‍, ടാറ്റാ മോട്ടേഴ്‌സ്‌, എച്ച്‌.യു.എല്‍, ബി.പി.സി.എല്‍ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. അതേ സമയം ഇന്‍ഫോസിസ്‌, സണ്‍ ഫാര്‍മ്മ, ഡോ: റെഡീസ്‌, സിപ്ല എന്നിവയ്‌ക്ക്‌ തിരിച്ചടിനേരിട്ടു.സെന്‍സെക്‌സ്‌ മുന്‍ വാരത്തിലെ 58,253 ല്‍ നിന്നും നേട്ടത്തിലാണ്‌ വ്യാപാരത്തിന്‌ തുടക്കം കുറിച്ചത്‌. പുതു വര്‍ഷത്തിലെ വാങ്ങല്‍ താല്‍പര്യം സൂചികയെ 60,290 വരെ എത്തിച്ചെങ്കിലും ഉയര്‍ന്ന തലത്തിലെ ലാഭമെടുപ്പില്‍ അല്‍പ്പം തളര്‍ന്ന്‌ വാരാന്ത്യം സൂചിക 59,744 പോയിന്‍റ്റിലാണ്‌. 

ഈ വാരം 60,440 ലെ ആദ്യ പ്രതിരോധം തകര്‍ക്കാനായാല്‍ മാസമദ്ധ്യം പിന്നിടുന്നതോടെ 61,150 ലേയ്‌ക്ക്‌ ചുവടുവെക്കാം. വിപണിയുടെ താങ്ങ്‌ 58,890 റേഞ്ചിലാണ്‌. നിഫ്‌റ്റിക്ക്‌ മുന്‍ വാരം സൂചിപ്പിച്ച 17,600 ലെ പ്രതിരോധം മറികടക്കാനായത്‌ വാങ്ങലുകാരെ ആകര്‍ഷിച്ചു. സൂചിക 17,354 ല്‍ നിന്നും 17,930ലേയ്‌ക്ക്‌ അടുത്ത ശേഷം ക്ലോസിങില്‍ 17,812പോയിന്‍റിലാണ്‌. ഫോറെക്‌സ്‌ മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യം 74.40 ല്‍ നിന്ന്‌ 74.71 ലേയ്‌ക്ക്‌ ദുര്‍ബലമായ ശേഷം വാരാന്ത്യം 74.46 ലാണ്‌.

Tags