കരുതൽ എണ്ണ നിക്ഷേപം പുറത്തെടുക്കുമെന്ന യുഎസ്​ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും എണ്ണവില ഉയർന്നു

oil

വാഷിങ്ടൺ: 50 മില്യൺ ബാരലിന്‍റെ കരുതൽ എണ്ണ നിക്ഷേപം പുറത്തെടുക്കുമെന്ന യുഎസ്​ പ്രഖ്യാപനത്തിന് പിന്നാലെ ​അന്താരാഷ്​ട്ര വിപണിയിൽ വീണ്ടും എണ്ണവില ഉയർന്നു. എണ്ണവില കുറക്കുന്നതിന്​ വേണ്ടിയാണ്  കരുതൽ നിക്ഷേപം പുറത്തെടുക്കുന്നതെന്ന് യുഎസ്​ അറിയിച്ചത്​.

യുഎസ്​ പ്രഖ്യാപനത്തിന്​ പിന്നാലെ വെസ്റ്റ്​ ടെക്​സാസ്​ ഇന്‍റർമീഡിയേറ്റ്​ ക്രൂഡ്​ ഓയിലിന്‍റെ വില വീണ്ടും 77 ഡോളറിലേക്ക്​ എത്തി. ബ്രെന്‍റ്​ ക്രൂഡിന്‍റെ വിലയും 80 ഡോളറിലേക്ക്​ എത്തി. മറ്റു രാജ്യങ്ങളുമായി ചേർന്ന്​ എണ്ണവില കുറക്കാനായി ഓയിൽ റിസർവ്​ പുറത്തെടുക്കുമെന്നായിരുന്നു യുഎസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ പ്രഖ്യാപനം. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ, യുകെ തുടങ്ങിയ എണ്ണ ഉപഭോഗ രാജ്യങ്ങളുമായി ചേർന്ന്​ ഓയിൽ റിസർവ്​ പുറത്തെടുക്കാനായിരുന്നു യുഎസിൻ്റെ പദ്ധതി.

അമേരിക്ക രണ്ടര ദിവസം ഉപയോഗിക്കുന്ന എണ്ണയാണ്​ ഇത്തരത്തിൽ പുറത്തെടുക്കാൻ തീരുമാനിച്ചത്​. കോവിഡിന്​ മുമ്പ്​ ശരാശരി 20.5 മില്യൺ ബാരൽ എണ്ണയായിരുന്നു യുഎസ്​ പ്രതിദിനം ഉപയോഗിച്ചിരുന്നത്​. എണ്ണ ഉൽപാദനത്തിൽ വർധിപ്പിക്കില്ലെന്ന ഒപെക്​ നിലപാടിനെതിരെയായിരുന്നു യുഎസിൻ്റെ പ്രതിഷേധം.