പേടിഎമ്മും റിയ മണി ട്രാന്‍സ്​ഫറും കൈകോര്‍ക്കുന്നു; ഇനി വിദേശത്തുനിന്ന്​ തത്സമയം പണമയക്കാം

ria money transfer and paytm
കൊച്ചി: തത്സമയ രാജ്യാന്തര പണമിടപാടുകള്‍ പ്രാപ്തമാക്കാന്‍ പേടിഎം പേമെന്‍റ്​സ്​ ബാങ്കുമായി ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യൂറോനെറ്റ് വേൾഡ്​വൈഡിന്‍റെ ഭാഗമായ റിയാ മണി ട്രാന്‍സ്ഫര്‍ കൈകോര്‍ക്കും. ഇതനുസരിച്ച് പേടിഎമ്മിന്‍റെ മൊബൈല്‍ വാലറ്റിലേക്ക് ഇടപാടുകാരന് തത്സമയം വിദേശത്തുനിന്ന്​ പണമയക്കാന്‍ സാധിക്കും. വിദേശത്തുനിന്നയക്കുന്ന പണം തത്സമയം ഡിജിറ്റല്‍ വാലറ്റിലേക്ക് നേരിട്ട് സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാറ്റ്ഫോമായി ഇതോടെ പേടിഎം മാറി.

ഇന്ത്യയില്‍ കെ.വൈ.സി പൂര്‍ത്തിയാക്കിയിട്ടുള്ള പേടിഎം ഉപഭോക്താക്കള്‍ക്ക് റിയ മണി ട്രാന്‍സ്ഫര്‍ ആപ്പ്, വെബ്സൈറ്റ്, ലോകമെമ്പാടുമുള്ള 4,90,000ലധികം റീട്ടെയില്‍ ശാഖകള്‍ എന്നിവയില്‍നിന്ന് ഇന്ത്യയിലെ പേടിഎം വാലറ്റിലേക്ക് തത്സമയം പണം അയക്കാം. ഇത് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുന്നു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും അവര്‍ക്ക് ഡിജിറ്റല്‍ പ്രാപ്യതയും സൗകര്യവും ലഭ്യമാക്കുന്നതില്‍ റിയ മണിക്ക് അഭിമാനമുെണ്ടന്ന് യൂറോനെറ്റ് മണി ട്രാന്‍സ്ഫര്‍ സെഗ്​മെന്‍റ്​ സി.ഇ.ഒ ജുവാന്‍ ബിയാഞ്ചി പറഞ്ഞു.

ആഗോള പണമിടപാട്​ ബ്രാന്‍ഡായ റിയ മണി ട്രാന്‍സ്ഫറുമായുള്ള പങ്കാളിത്തം ഇന്ത്യന്‍ പ്രവാസികള്‍ക്ക് തത്സമയം നാട്ടിലേക്ക് പണം അയക്കാൻ സമാനതകളില്ലാത്ത സൗകര്യമൊരുക്കിയിരിക്കുകയാ​ണെന്ന് പേടിഎം പേമെന്‍റ്​സ്​ ബാങ്ക് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ സതീഷ് കുമാര്‍ ഗുപ്ത ചൂണ്ടിക്കാട്ടി.