ഫെഡറല്‍ ബാങ്ക് വഴി പ്രത്യക്ഷ- പരോക്ഷ നികുതികൾ സ്വീകരിക്കാൻ അനുമതി

google news
federal bank

കൊച്ചി: ഫെഡറൽ ബാങ്ക് വഴി ഇനി മുതൽ  പ്രത്യക്ഷ- പരോക്ഷ നികുതികള്‍ അടയ്ക്കാം. കേന്ദ്രധനമന്ത്രാലയത്തിലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ (സി.ജി.എ.) ശിപാർശയുടെ അടിസ്ഥാനത്തിൽ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഫെഡറല്‍ ബാങ്കിന് അംഗീകാരം നൽകിയത്.

ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്ക് വൈകാതെ തന്നെ ബാങ്കിന്റെ വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ആദായനികുതി, ജി സ് ടി തുടങ്ങിയവ അടയ്ക്കാനാവും. മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്‌മൊബൈല്‍, നെറ്റ് ബാങ്കിങ് സംവിധാനമായ ഫെഡ്‌നെറ്റ്, കോര്‍പ്പറേറ്റ് ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ ഫെഡ്ഇബിസ് തുടങ്ങിയവ വഴിയും ബാങ്ക് ശാഖകള്‍ വഴിയുമാണ് നികുതി അടയ്ക്കാനുള്ള സംവിധാനമാകും സജ്ജമാക്കുക.

നികുതിയുമായ ബന്ധപ്പെട്ട സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐ.യും ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് എളുപ്പത്തില്‍ നികുതി അടയ്ക്കാന്‍ തങ്ങളുടെ ഇടപാടുകാർക്ക് ഇത് സൗകര്യമൊരുക്കുമെന്നും ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോള്‍സെയില്‍ ബാങ്കിങ് കണ്‍ട്രി ഹെഡുമായ ഹര്‍ഷ് ദുഗര്‍ പറഞ്ഞു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി മെച്ചപ്പെട്ട ബാങ്കിങ് സേവനങ്ങള്‍  ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐ.യുമായും ഭാവിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Tags