എസ്ബിഐ അക്കൗണ്ടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ ഒടിപി

എസ്ബിഐ അക്കൗണ്ടുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ ഒടിപി

കൊച്ചി: വെള്ളിയാഴ്ച മുതല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎമ്മുകളില്‍ നിന്നു 10,000 രൂപ മുതല്‍ മുകളിലേക്കുള്ള തുക പിന്‍വലിക്കുന്നതിന് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ്വേഡ് ) എടിഎമ്മില്‍ ടൈപ് ചെയ്യണം. എടിഎം ഡെബിറ്റ് കാര്‍ഡിന്റെ 'പിന്‍' കോഡിനു പുറമെയാണിത്.

എടിഎമ്മുകളിലെ അനധികൃത ഇടപാടുകള്‍ വ്യാപകമായതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, രാത്രി 8 മുതല്‍ രാവിലെ 8 വരെ ഈ സംവിധാനം ജനുവരി മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറിലാണ് ഒടിപി ലഭിക്കുക. പിന്‍വലിക്കേണ്ടുന്ന തുക ടൈപ് ചെയ്താലുടന്‍ ഒടിപി എന്റര്‍ ചെയ്യാനുള്ള നിര്‍ദേശം എടിഎം സ്‌ക്രീനില്‍ തെളിയുമെന്നു ബാങ്ക് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇത് ഉപയോഗിക്കണം.

2.നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമില്ല.

3.മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണംപിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല.

4.പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്‍കിയശേഷം അത് സ്‌ക്രീനില്‍ തെളിയും. അപ്പോള്‍ മൊബൈലില്‍ ഒടിപി ലഭിക്കും.സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്‍കിയാല്‍ പണം ലഭിക്കും.

5.10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി.

6.പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും