മൂന്നാം പാദത്തിൽ കുത്തനെ ഉയർന്നു ടിസിഎസിൻറെ ലാഭം

TCS
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസിന്റെ ലാഭം കുതിച്ചുയര്‍ന്നു.ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദവാര്‍ഷികത്തില്‍ 9769 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്കുണ്ടായത്. മുന്‍വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച്‌ 12.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി നേടിയത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 42015 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ 46867 കോടി രൂപയുമായിരുന്നു വരുമാനം. ജീവനക്കാരുടെ ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 16 ശതമാനം ഉയര്‍ന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍, ജീവനക്കാരുടെ ചെലവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 20 ബിപിഎസ് കുറവുമാണ്.

മേഖലകള്‍ തിരിച്ചുള്ള ടിസിഎസിന്റെ വളര്‍ച്ച നോക്കുമ്ബോള്‍ മുന്നിലുള്ളത് വടക്കേ അമേരിക്കയാണ്. ഇവിടെ നിന്നുള്ള വരുമാനം 18 ശതമാനമാണ് വളര്‍ന്നത്. യൂറോപ്പ് 17.5 ശതമാനം വളര്‍ച്ച നേടി രണ്ടാം സ്ഥാനത്താണ്. യുകെയിലെ ബിസിനസ് 12.7 ശതമാനം വളര്‍ച്ച കൈവരിച്ചു. വളര്‍ന്നു വരുന്ന വിപണികളില്‍ ലാറ്റിനമേരിക്ക 21.1 ശതമാനവും ഇന്ത്യ 15.2 ശതമാനവും മിഡില്‍ ഈസ്റ്റും ആഫ്രിക്കയും 6.9 ശതമാനവും ഏഷ്യാ പസഫിക് 4.3 ശതമാനവും വളര്‍ച്ച നേടി.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 8701 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ലാഭം നേടിയത്. സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ച സാമ്ബത്തിക പാദവാര്‍ഷികത്തില്‍ 9624 കോടി രൂപയായിരുന്നു ലാഭം. സെപ്തംബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം 48885 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 16.4 ശതമാനമാണ് വരുമാന വളര്‍ച്ച. ഈ പാദത്തിലെ അമേരിക്കന്‍ ഡോളര്‍ വരുമാനം 14.4 ശതമാനം വര്‍ധിച്ച്‌ 6524 ദശലക്ഷം ഡോളറായി.