ഐടി കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന് വന്‍ കുതിപ്പ്; കോവിഡും മറികടന്ന് മുന്നേറ്റം

പ്രതികൂല സാഹചര്യങ്ങളിലും മുന്നേറാനുള്ള ഐടി കമ്പനികളുടെ കരുത്തും തിരിച്ചുവരാനുള്ള ശേഷിയുമാണ് സോഫ്റ്റ്വെയര്‍ കയറ്റുമതിയിലെ ഈ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന് കേരള ഐടി പാര്‍ക്‌സ് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. 'കോവിഡ് കാലയളവില്‍ ഐടി മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പിന്തുണയും പുതിയ നയങ്ങളും കോവിഡ് പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാന്‍ ചെറിയ കമ്പനികളെ ഏറെ സഹായിച്ചു. ടെക്നോപാര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുന്ന കാമ്പസ് ആധുനികവല്‍ക്കരണ പദ്ധതികളും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ ഇനിയും മുന്നേറ്റമുണ്ടാകും. ഇതുവഴി നിലവിലുള്ള കമ്പനികളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂടുകയും പുതിയ ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ ഇങ്ങോട്ട് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നതോടെ കയറ്റുമതിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകും,' ജോണ്‍ എം തോമസ് പറഞ്ഞു.
മികച്ച സാമ്പത്തിക സുസ്ഥിരതയ്ക്കുള്ള അംഗീകാരമായി ഈ വര്‍ഷം ക്രിസില്‍ ടെക്‌നോപാര്‍ക്കിന്റെ ക്രെഡിറ്റ് റേറ്റിങ് എ പ്ലസ്/ സ്റ്റേബിള്‍ ആക്കി ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് ആശ്വാസ പാക്കേജിന്റെ ഭാഗമായി ഐടി കമ്പനികള്‍ക്ക് വാടക ഇളവും വാര്‍ഷിക വാടക വര്‍ധന ഇളവും നല്‍കിയിട്ടും ഇത് ടെക്‌നോപാര്‍ക്കിന്റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിരുന്നില്ല.