ദി ബുള്‍ റിട്ടേണ്‍സ്! മൂന്നാം ദിവസവും ഓഹരി വിപണികള്‍ നേട്ടത്തില്‍ അവസാനിച്ചു

bull returns
ബാങ്കിംഗ്, ഊര്‍ജ്ജ മേഖലയിലെ ഓഹരികള്‍ക്കൊപ്പം ഹെവി വെയ്റ്റ് ഇന്‍ഡക്‌സ് സ്റ്റോക്ക് ആയ റിലയന്‍സിന്റെയും കുതിപ്പാണ് വിപണിയെ ഉയരങ്ങളിലേക്ക് എത്തിച്ചത് നിര്‍ണായകമായ 17,800 മുകളിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം സെന്‍സെക്‌സ് 2000-ലേറെ പോയിന്റാണ് നേടിയത്.

 എന്‍എസ്‌ഇയുടെ സൂചികയായ നിഫ്റ്റി 180 പോയിന്റ് നേട്ടത്തില്‍ 17,805-ലും ബിഎസ്‌ഇയുടെ സൂചികയായ സെന്‍സെക്‌സ് 673 പോയിന്റ് മുന്നേറ്റത്തോടെ 59,855-ലും ചൊവ്വാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്‌ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 418 പോയിന്റ് കുതിച്ച്‌ 36,840-ലും വ്യാപാരം അവസാനിപ്പിച്ചു.

മൂന്നാം പാദ സാമ്ബത്തിക ഫലങ്ങള്‍ പുറത്തു വിടുന്നതിന് മുന്നോടിയായി ഐടി വിഭാഗം ഓഹരികളില്‍ നിക്ഷേപകര്‍ ജാഗ്രതയോടെയാണ് സമീപിച്ചത്. ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ വിഭാഗം ഓഹരികള്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ നേട്ടമുണ്ടാക്കി. എന്നാല്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മിഡ് കാപ് വിഭാഗം ഓഹരികള്‍ കാര്യമായ നേട്ടമുണ്ടാക്കിയില്ല. സ്‌മോള്‍ കാപ് വിഭാഗം സൂചിക 0.39 ശതമാനം മാത്രമാണ് കയറിയത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സെന്‍സെക്‌സില്‍ രണ്ടായിരത്തിലേറെ പോയിന്റാണ് മുന്നേറിയത്.

പുതുവര്‍ഷത്തിലെ രണ്ടാം വ്യാപരദിനത്തില്‍ 56 പോയിന്റ് നേട്ടത്തോടെ 17,681-ലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇന്നത്തെ താഴ്ന്ന നിലവാരമായ 17,593-ല്‍ വന്നശേഷം സൂചിക നിര്‍ണായക നിലവാരമായ 17,600-ല്‍ ഏറെ നേരം തങ്ങിനിന്നു. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം നിഫ്റ്റി 17,750 കടന്ന് മുന്നേറി 17,805-ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെയുളള ഉയര്‍ന്ന ക്ലോസിങ്ങ് നിലവാരമാണിത്. ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,827-ന് സമീപമാണ് നിഫ്റ്റി ക്ലോസ് ചെയ്തിരിക്കുന്ന് എന്നതും ശ്രദ്ധേയം.