തക്കാളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 58 മുതൽ 60 രൂപ വരെ

ഉത്തരേന്ത്യയിലും അയൽ സംസ്ഥാനങ്ങളിലും പെയ്യുന്ന കനത്ത മഴയിൽ വിള നശിക്കുന്നതും ഉയർന്ന ഡീസൽ വിലയും തക്കാളി ഉൾപ്പെടെ പച്ചക്കറികളുടെ വില കുത്തനെ ഉയർത്തി. ഏഴിനം പച്ചക്കറികൾക്ക് ഒരാഴ്ചക്കിടെ ശരാശരി 10 രൂപ വരെ വില കൂടി.
എറണാകുളം മാർക്കറ്റിൽ തിങ്കളാഴ്ച സവാളയുടെ മൊത്ത വില 35 രൂപ. ചെറുകിട മേഖലയിൽ വിറ്റത് 40 രൂപക്ക്. ഉരുളക്കിഴങ്ങ് മൊത്തവില 25 രൂപയിൽനിന്ന് 30 രൂപയിൽ എത്തി. ചെറുകിട മേഖലയിൽ ഉരുളക്കിഴങ്ങ് വിൽക്കുന്നത് 40 രൂപക്ക്. രണ്ടാഴ്ച മുമ്പ് ഒരു ചാക്ക് ഉരുളക്കിഴങ്ങ് 1200 രൂപക്ക് വിറ്റിരുന്നത് ഇപ്പോൾ 1900 രൂപയിൽ എത്തി. ഉള്ളി മൊത്ത വില 25-30 രൂപയിൽ നിന്ന് 35-40 രൂപക്ക് മേൽത്തരം ഇനത്തിന് വില ഉയർന്നു. കിലോക്ക് 48 രൂപ വരെ കൊടുത്താലാണ് വീട്ടിലേക്ക് വാങ്ങാനാകുക.