തക്കാളി വില കുതിച്ചുയരുന്നു; 140 കടന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

google news
tomato

ന്യൂഡൽഹി: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ തക്കാളി വില കുതിച്ചുയരുന്നു. പലയിടത്തും തക്കാളി വില കിലോയ്ക്ക് 20ൽ നിന്ന് 100 രൂപയായി വർധിച്ചു. മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും 100 രൂപയ്ക്ക് മുകളിലാണ് തക്കാളി വിൽക്കുന്നത്.

തക്കാളി ക്ഷാമം ഏറ്റവും രൂക്ഷം ചെന്നൈയിലാണ്. ഇവിടെ കിലോയ്ക്ക് 140 രൂപയാണ് തക്കാളി വില. ഈ മാസം ആദ്യം കിലോയ്ക്ക് 40 രൂപ മാത്രമായിരുന്നു ഇവിടെ. രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉത്പാദകരായ ആന്ധ്രാപ്രദേശിൽ കിലോയ്ക്ക് 100 രൂപയാണ് വില. ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ട്.

നിലവിൽ മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നും കർണാടകയിലെ ചിക്ബുള്ളാപൂരിൽ നിന്നുമാണ് സാധനങ്ങൾ കൂടുതലായി എത്തുന്നത്. വലിയ തോതിൽ തക്കാളി കൃഷി ചെയ്യുന്ന പ്രദേശങ്ങൾ മഴക്കെടുതിയിൽ നശിച്ചതും ഡീസൽ വില വർധനവുമാണ് വിലക്കയറ്റത്തിന് കാരണം. ഉള്ളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾക്കും വില വർധിക്കുകയാണ്.

Tags