ലോകത്തെ ആദ്യ സമ്പൂര്‍ണ സംയോജിത എന്‍.എഫ്.ടി ഡിസൈന്‍ ലാബുമായി ടൂണ്‍സ് മീഡിയ ഗ്രൂപ്പും ഗാര്‍ഡിയന്‍ ലിങ്കും

NFT
 

തിരുവനന്തപുരം: ടെക്‌നോപാര്‍ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ ആനിമേഷന്‍ കമ്പനിയായ ടൂണ്‍സ് മീഡിയ ഗ്രൂപ്പും ബ്ലോക്ക് ചെയിന്‍ കമ്പനിയായ ഗാര്‍ഡിയന്‍ ലിങ്കും ചേര്‍ന്ന് ലോകത്തിലെ ആദ്യ സംയോജിത എന്‍.എഫ്.ടി ലാബ് സ്ഥാപിക്കുന്നു.

അതുല്യമായ ഡിജിറ്റല്‍ അസറ്റിനായുള്ള നോണ്‍ ഫണ്‍ജ്യബിള്‍ ടോക്കണുകള്‍ (എന്‍.എഫ്.ടി) സൃഷ്ടിക്കാനായാണ് ലാബ് സ്ഥാപിക്കുന്നത്. നോണ്‍ ഫണ്‍ജിബിള്‍ ടോക്കന്‍സ് എന്നാല്‍ അമൂല്യമായ ഡിജിറ്റല്‍ അസറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്ന ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളാണ്. ഫോട്ടോകള്‍, വീഡിയോകള്‍, ഓഡിയോ തുടങ്ങി ഏത് ഡിജിറ്റല്‍ ഫയലുകള്‍ക്കും നോണ്‍ ഫണ്‍ജ്യബിള്‍ ടോക്കണുകളായി ബ്ലോക്ക് ചെയിനില്‍ സാക്ഷ്യപ്പെടുത്താവുന്നതും   ക്രയവിക്രയം നടത്താവുന്നതുമാണ്. വ്യത്യസ്തമായ ഡിജിറ്റല്‍ ആര്‍ട് വര്‍ക്കുകള്‍, ഇന്‍ ഗെയിം അസറ്റുകള്‍, മീമ്‌സ്   തുടങ്ങിയവ വാങ്ങാനും ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. 2012 മുതല്‍ നിലവിലുണ്ടെങ്കിലും 2021 ന്റെ തുടക്കം മുതലാണ് ഇതിന് പ്രചാരം ലഭിച്ചത്.

ആര്‍ട്ടിസ്റ്റ് ബീപിലിന്റെ 'എവരിഡേസ്- ദി ഫസ്റ്റ് 5000 ഡെയ്‌സ്'എന്ന ഡിജിറ്റല്‍ ആര്‍ട് വര്‍ക്ക് എന്‍.എഫ്.ടിയിലൂടെ 69 മില്യണ്‍ ഡോളറിന് ഓക്ഷന്‍ ചെയ്യപ്പെട്ടതോടെയാണ് എന്‍.എഫ്.ടികള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇതിനു പിന്നാലെ ലെബ്രോണ്‍ ജെയിംസിന്റെ എന്‍.ബി.എ ടോപ് ഷോട്ട് വീഡിയോ ക്ലിപ് (2,08,000 ഡോളര്‍), ട്വിറ്റര്‍ സ്ഥാപകന്‍ ജാക് ഡോഴ്‌സിയുടെ ആദ്യ ട്വീറ്റ് (2.5 മില്യണ്‍ ഡോളര്‍) തുടങ്ങിയ അമൂല്യ സൃഷ്ടികളുടെ എന്‍.എഫ്.ടി ലേലങ്ങളും ശ്രദ്ധേയമായി. ഇടനിലക്കാരെ ഒഴിവാക്കി ഓരോ വില്‍പ്പനയിലും കലാകാരന്മാര്‍ക്കും സൃഷ്ടാക്കള്‍ക്കും റോയല്‍റ്റി ഉറപ്പാകുന്നതാണ് എന്‍.എഫ്.ടി സാങ്കേതികവിദ്യയുടെ പ്രത്യേകത.