ബാങ്കിൽ പോയിട്ട് കാര്യങ്ങൾ ഒന്നും നടന്നില്ലേ, ബാങ്ക് സേവനങ്ങളിൽ അതൃപ്തരാണോ? - റിസർവ് ബാങ്കിനോട് പരാതിപ്പെടാൻ ഇതാ ഒരു എളുപ്പവഴി

google news
bank
ബാങ്കിൽ പോയാൽ തിരക്ക് മൂലമോ ഉദ്യോഗസ്ഥന്റെ പ്രവർത്തനം മൂലമോ നിങ്ങളുടെ ഇടപാടുകൾ നടക്കാതെ വരാറുണ്ടോ? അക്കൗണ്ടിലെ പണമിടപാട് സംബന്ധിച്ച് പരാതിയുണ്ടോ? പോയ കാര്യം കൃത്യമായി നടക്കാതെ നിരാശരായി തിരിച്ചു വരാറുണ്ടോ? നിങ്ങൾക്ക് അറിയേണ്ട വിവരങ്ങളെ കുറിച്ച് വിവരം ലഭിക്കാതെ വരാറുണ്ടോ? ബാങ്കിന്റെ സേവനത്തില്‍ നിങ്ങൾ എന്തെങ്കിലും കാര്യം കൊണ്ട് അതൃപ്തരാണോ? എങ്കില്‍ ഇനി എളുപ്പത്തിൽ പരാതിപ്പെടാം.

ആര്‍ബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) വെബ്‌സൈറ്റിലൂടെയാണ് പരാതികൾ സമർപ്പിക്കേണ്ടത്. ബാങ്കിന്റെ മാത്രമല്ല, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇ-വാലറ്റ് എന്നിവക്ക് എതിരെയുള്ള പരാതികളും ഇതുവഴി സമർപ്പിക്കാം. പരാതി സമര്‍പ്പിക്കാന്‍ https://cms.rbi.org.in എന്ന വെബ്‌സൈറ്റ് വിലാസം ഉപയോഗിക്കാം. എല്ലാ ദിവസവും 24 മണിക്കൂറും ഇതുവഴിയുള്ള സേവനങ്ങള്‍ ലഭ്യമാണ്. 

മുകളിൽ നൽകിയ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ അല്ലെങ്കിൽ 14440 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചോ പരാതി സമര്‍പ്പിക്കാനാകും. അല്ലെങ്കില്‍ crpc@rbi.org.in എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയയ്ക്കാം. 
ഇതൊന്നും സാധ്യമാകാത്തവർക്ക് നേരിട്ടും പരാതികള്‍ സമര്‍പ്പിക്കാം. 

പരാതി കൊടുത്ത് പോരുക മാത്രമല്ല, അതിന്റെ അപ്‌ഡേറ്റ് നോക്കുകയും ചെയ്യാം. പരാതി നൽകുന്ന സമയത്ത് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ പരാതിയുടെ സ്റ്റാറ്റസ് അറിയാൻ ഓർത്തുവെക്കേണ്ടതാണ്. ആര്‍ബിഐ ഓംബുഡ്‌സ്മാന് പരാതികള്‍ സമര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനും നിങ്ങളുടെ പരാതിയുടെ സ്റ്റാറ്റസ് സം ബന്ധിച്ച അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനും 14448 എന്ന നമ്പറില്‍ വിളിക്കാവുന്നതുമാണ്.

Tags