യു എസ് ടി ബംഗളൂരു കേന്ദ്രത്തിൽ ജീവനക്കാരുടെ എണ്ണം 6000 കവിഞ്ഞു; അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും

gg
തിരുവനന്തപുരം; ആഗോള തലത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടി ബംഗളൂരുവിലെ  ജീവനക്കാരുടെ എണ്ണം ആറായിരം കടന്നു. കോവിഡ് മഹാമാരി ലോകത്തെ ഗ്രസിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ രണ്ടായിരത്തോളം ജീവനക്കാരെ പുതിയതായി യു.എസ്.ടി നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ വളര്‍ച്ചാ നിരക്കിന് അനുസൃതമായി 2023 ഓടെ ജീവനക്കാരുടെ എണ്ണം പന്ത്രണ്ടായിരമാക്കാനാണ് യു.എസ്.ടി ബംഗളൂരു കേന്ദ്രം ലക്ഷ്യമിടുന്നത്.

മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യയിലെ പ്രാദേശിക സാന്നിധ്യം വിപുലമാക്കാനാണ് യു.എസ്.ടി ഉന്നം വെയ്ക്കുന്നത്. അടുത്ത 18 മുതല്‍ 24 മാസങ്ങള്‍ക്കുള്ളില്‍ ആരോഗ്യ പരിരക്ഷ, സാങ്കേതിക വിദ്യ, ലോജിസ്റ്റിക്‌സ്, സെമികണ്ടക്ടറുകൾ, ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ മേഖലകളിലേക്കായി എന്‍ട്രി ലവല്‍ എന്‍ജിനിയറിംഗ് ബിരുദധാരികളെയും പരിചയ സമ്പത്തിന്റെ കരുത്തുള്ള എന്‍ജിനിയര്‍മാരേയും നിയമിക്കാനാണ് യു.എസ്.ടിയുടെ തീരുമാനം.

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യു.എസ്.ടി 25 രാജ്യങ്ങളിലായി 35 ഓഫീസുകളുമായി ദ്രുതവേഗത്തില്‍ വളരുന്നൊരു കമ്പനിയാണ്. ലോകമെമ്പാടുമുള്ള ഗ്ലോബല്‍ 2000, ഫോര്‍ച്യൂണ്‍ 500 സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും യു.എസ് ടി പ്രദാനം ചെയ്യുന്നു. രാജ്യത്തെ സോഫ്റ്റ് വെയര്‍, എന്‍ജിനിയറിംഗ് മേഖലകളിലെ പ്രതിഭകളുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് യു.എസ്.ടി ഓഫീസുകള്‍ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, പൂനെ, കോയമ്പത്തൂര്‍, ഹൊസൂര്‍, ഡല്‍ഹി എന്‍.സി.ആര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

യു.എസ്.ടി ബംഗളൂരു ഓഫീസിലെ ജീവനക്കാരുടെ എണ്ണം ആറായിരമാക്കി ഉയര്‍ത്തിയതില്‍ ഐ.ടിയുടെ ചുമതലയുള്ള കര്‍ണാടക സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഇ.വി രമണ റെഡ്ഡി ഐ.എ.എസ്  അഭിനന്ദനം അറിയിച്ചു. കര്‍ണാടകത്തിന്റെ ശക്തിയെന്നത് വളരെ ആഴത്തിലുള്ള സാങ്കേതികമായ കഴിവുകളും മികച്ച സാങ്കേതിക പരിസ്ഥിതിയും കോസ്‌മോപോളിറ്റന്‍ സംസ്‌ക്കാരവും ആണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലോകമെമ്പാടുമുള്ള സംരംഭകര്‍ക്ക് കര്‍ണാടകം മികച്ച നിക്ഷേപ കേന്ദ്രമായി മാറിയെന്ന് പറഞ്ഞു. യു.എസ്.ടി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നിയമനം നടത്തുമെന്ന് വാര്‍ത്ത ഏറെ സന്തോഷകരമാണെന്നും ഡോ. രമണ റെഡ്ഡി വ്യക്തമാക്കി. ഭാവിയില്‍ യു.എസ്.ടിയുടെ വളര്‍ച്ചക്കും വിപുലീകരണ പദ്ധതികള്‍ക്കും കര്‍ണാടക സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

യു.എസ്.ടിയുടെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രങ്ങളില്‍ ഒന്നായ ബംഗളൂരുവില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നത് തങ്ങള്‍ക്ക് എറെ ആവേശം പകരുന്നതായി കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും കണ്‍ട്രി ഹെഡുമായ അലക്‌സാണ്ടര്‍ വര്‍ഗ്ഗീസ് പറഞ്ഞു. യു എസ്  ടി യിൽ മികച്ച പ്രതിഭകളെ കൂടുതലായി നിയമിക്കുന്നത്  ഡിജിറ്റല്‍ രംഗത്ത് വന്‍ വിപ്ലവം തന്നെ സൃഷ്ടിക്കാനുള്ള അവസരം നല്‍കുന്നതിനൊപ്പം തന്നെ ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഗുണഭോക്താക്കള്‍ക്കുള്ള സേവന നിലവാരവും മെച്ചപ്പെടുത്താന്‍ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ്.

യു.എസ്.ടിയുടെ ബംഗളൂരു കേന്ദ്രം ആഗോളതലത്തില്‍ തന്നെ തങ്ങളുടെ രണ്ടാമത്തെ ഏറ്റവും സ്ഥാപനമാണെന്നും സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറായിരം പുതിയ ജീവനക്കാരെ നിയമിക്കുന്നതെന്നും യു.എസ്.ടി ബംഗളൂരു സെന്റര്‍ ഹെഡും ജനറല്‍ മാനേജരുമായ മനു ശിവരാജന്‍ പറഞ്ഞു. ഇന്ത്യാ-ജി.സി.സി നോര്‍ത്ത് ഈസ്റ്റ് ഏഷ്യാ ബിസിനസ് യൂണിറ്റ് തലവനുമാണ് മനു ശിവരാജന്‍. 1999ല്‍ സ്ഥാപനം ആരംഭിച്ചത് മുതല്‍ തുടരുന്ന മഹത്തായ ദൗത്യമായ സാങ്കേതികതയിലൂടെ ജീവിതത്തെ മാറ്റം വരുത്തുക എന്ന ദൗത്യം ഇപ്പോഴും തുടരുകയാണെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബംഗളൂരുവിലേയും ഇന്ത്യയിലെ പല നഗരങ്ങളിലേയും സ്ഥാപനത്തിന്റെ വളര്‍ച്ച ഇതാണ് സൂചിപ്പിക്കുന്നത്. സ്ഥാപനത്തിന്റെ അടിസ്ഥാന ശിലയായ ഡിജിറ്റലിനൊപ്പം വ്യവസായ രംഗത്ത് പഠന അവസരങ്ങളും സംരംഭകത്വ തൊഴില്‍ സംസ്‌ക്കാരവും തങ്ങളുടെ ജീവനക്കാര്‍ക്ക് പൂര്‍ണമായ തോതില്‍ വാഗ്ദാനം ചെയ്യുന്നതായും മനു ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

യു.എസ്.ടി എല്ലാ സമയത്തും ഉപഭേക്താക്കളുടെ പ്രതീക്ഷക്ക് അനുസരിച്ച് ഉയരാനാണ് ശ്രമിക്കുന്നതെന്ന് കമ്പനിയുടെ എന്‍ജിനിയറിംഗ് സര്‍വ്വീസസ്  സീനിയര്‍ ഡയറക്ടറും  യു.എസ് .ടി ബംഗളൂരു ഡെപ്യൂട്ടി സെന്റര്‍ ഹെഡുമായ കിരണ്‍കുമാര്‍ ദുരൈസ്വാമി വ്യക്തമാക്കി. എന്‍ജിനിയറിംഗ് മേഖലയില്‍ വിപണി സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഇക്കാര്യത്തില്‍ ബംഗളൂരു സെന്റര്‍ ഒരു നെടും തൂണായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് സെമികണ്ടക്ടര്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ രാജ്യത്തെ ഒന്നാമത്തെ കമ്പനിയായി യു.എസ്.ടി മാറിയതില്‍ ഏറെ അഭിമാനമുണ്ടെന്ന് പറഞ്ഞ കിരണ്‍കുമാര്‍ ദുരൈസ്വാമി കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ബംഗളൂരു കേന്ദ്രം ഇക്കാര്യത്തില്‍ ്അഭിമാനകരമായ നേട്ടമാണ് കൈവരിച്ചതെന്നും ചൂണ്ടിക്കാട്ടി.

അതേ സമയം ഹൈദരാബാദിലെ യു.എസ്.ടി കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം ആയിരം കടന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം രണ്ടായിരമാക്കി ഉയര്‍ത്താനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, സൈബര്‍ സുരക്ഷ, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജാവാ, ഡാറ്റാ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, മോഡണൈസേഷന്‍ മേഖലകളില്‍ വിദഗ്ധരായ പതിനായിരം ജീവനക്കാരെ കൂടി ഈ വര്‍ഷം നിയമിക്കാനുള്ള പദ്ധതിയും യു.എസ്.ടി പ്രഖ്യാപിച്ചു.