യു എസ് ടിക്ക് കമ്പ്യൂട്ടിങ് യു കെ ഡിജിറ്റൽ ടെക്നോളജി ലീഡേഴ്‌സ് പുരസ്‌ക്കാരങ്ങൾ; മികച്ച തൊഴിലിടമെന്ന ബഹുമതി

google news
rr
തിരുവനന്തപുരം:ബ്രിട്ടനിലെ വിഖ്യാതമായ കമ്പ്യൂട്ടിംഗ് യു.കെയുടെ ഡിജിറ്റല്‍ ടെക്‌നോളജി ലീഡേഴ്‌സ് നൽകുന്ന മികച്ച തൊഴിലിടം എന്ന ബഹുമതി ആഗോള പ്രശസ്തമായ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ്  സ്ഥാപനമായ യു.എസ്.ടിക്ക്. 'ബെസ്റ്റ് പ്ലേസ്  ടു വർക്ക് ഇൻ ഡിജിറ്റൽ' എന്ന ബഹുമതിയാണ് യു എസ് ടി സ്വന്തമാക്കിയത്. ഡിജിറ്റല്‍ മേഖലയിലെ അതിപ്രഗത്ഭരായ വിദഗ്ധരുടേയും നേതാക്കളുടേയും പാനലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സാങ്കേതിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ ബഹുമതി നല്‍കുന്നത്. ലണ്ടനിലെ വാള്‍ഡോര്‍ഫ് ഹില്‍ട്ടനില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 24 വിഭാഗങ്ങളിലായിട്ടാണ് വിജയികളെ പ്രഖ്യാപിച്ചത്. 

യു.എസ്.ടിക്ക്  വീണ്ടും അഭിമാനം പകര്‍ന്ന് സ്ഥാപനത്തിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് അസോസിയേറ്റായ ജാസ്മിന്‍ പല്ലോ യംഗ് ഡിജിറ്റല്‍ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും കരസ്ഥമാക്കി. യു.എസ്.ടിയുടെ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച ചാരിറ്റി വെബ്‌സൈറ്റായ 'ടെക് ഷീ കാൻ' ആണ് ഇദ്ദേഹത്തെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്.

ഇത് കൂടാതെ മെഷീന്‍ ലേണിംഗ് / ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജക്ട് ഓഫ് ദി ഇയര്‍ വിഭാഗത്തിലും ടെക് വീ കാന്‍ വിഭാഗത്തില്‍ ബെസ്റ്റ് നോട്ട് ഫോര്‍ പ്രോഫിറ്റ് ഇനത്തിലും യു.എസ്.ടി ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള ഹൂ വീ ആര്‍ എന്ന സംവിധാനത്തില്‍ അധിഷ്ഠിതമായ സംവിധാനത്തിലൂടെയാണ് സ്ഥാപനം മുന്നോട്ട് പോകുന്നതെന്ന് ചീഫ് ഡെലിവറി ഓഫീസറും യു.കെ.കണ്‍ട്രി ഹെഡുമായ പ്രവീണ്‍ പ്രഭാകരന്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ജീവിതചക്രത്തെ ആസ്പദമാക്കിയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഡിജിറ്റല്‍ മേഖലയിലെ ലോകമെമ്പാടുമുള്ള പ്രതിഭകളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുക, അവരെ കൃത്യമായി ചുമതലകള്‍ ഏല്‍പ്പിക്കുക, അതിലൂടെ അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പ്രവീണ്‍ പ്രഭാകരന്‍ വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പൂര്‍ണമായ തോതില്‍ പുറത്ത് കൊണ്ട് വരാനുള്ള ഒരു പോസിറ്റീവ് തൊഴില്‍ സംസ്‌ക്കാരം യു.എസ്.ടിയില്‍ പൂര്‍ണമായ തോതില്‍ ഒരുക്കാന്‍ കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഇത്തരത്തില്‍ ജീവനക്കാരുടെ ശാക്തീകരണത്തിലൂടെയാണ് ഇത് പോലെയുള്ള ഉന്നതമായ ബഹുമതികള്‍ നേടാന്‍ കഴിഞ്ഞതെന്നും സ്വന്തം ടീമിനെ കുറിച്ച് സ്ഥാപനത്തിന് അങ്ങേയറ്റം അഭിമാനം ഉണ്ടെന്നും പ്രവീണ്‍ പ്രഭാകരന്‍ പറഞ്ഞു.

യു.എസ്.ടി ആരംഭിച്ചത് മുതല്‍ ആഗോള നിലവാരത്തിലുള്ള ഡിജിറ്റല്‍ സ്ഥാപനമായി വളര്‍ത്തിയെടുക്കണം എന്നാണ് ഇതിന്റെ സ്ഥാപകര്‍ ലക്ഷ്യമിട്ടത്. യു.എസ്.ടിയെ  നിരവധി പുരസ്‌ക്കാരങ്ങള്‍ നേടാന്‍ പ്രാപ്തിയുള്ള സ്ഥാപനമാക്കി വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഹൂ വീ ആര്‍ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത് തന്നെ  ജീവനക്കാരാണ് ആദ്യം എന്ന ഘടകമാണ്. നിരവധി കാര്യങ്ങൾ ഒത്ത് ചേര്‍ന്നതാണ് ഹൂ വീ ആര്‍ സംവിധാനം. അതിലെ പ്രധാന ഘടകങ്ങള്‍ ഇവയാണ്:

കളേഴ്‌സ്: മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കാന്‍ ജീവനക്കാരുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ് കളേഴ്‌സ്. ഈ പ്രോഗ്രാമിന് വ്യക്തമായ ലക്ഷ്യത്തോട്  കൂടി പ്രവര്‍ത്തിക്കുന്ന ഏഴ് ടീമുകളാണുള്ളത്. ലോകമെമ്പാടുമുള്ള സ്ഥാപനത്തോട് സഹകരിക്കുന്നവരെ കൃത്യമായ ലക്ഷ്യബോധത്തോടെ ബന്ധിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ ചുമതല. 
ഇന്‍ഫിനിറ്റി ലാബുകള്‍:  യു.എസ് ടി യില്‍ ആഗോളതലത്തില്‍ തന്നെ ഇന്നവേഷന്‍ ലാബുകളുടെ നീണ്ട ശൃംഖലയാണ് ഉള്ളത്. സ്റ്റാര്‍ട്ടപ്പുകളുടേയും അക്കാദമിക്ക് വിദഗ്ധരുടേയും സ്ഥാപനത്തിന്റെ പങ്കാളികളുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിന്റെ സവിഷശേഷത. വിവിധ ഡൊമൈനുകളിലൂടെ കമ്പനിയുടെ ഗവേഷണ-വികസന വിഭാഗങ്ങള്‍ സാങ്കേതിക നിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ഉല്‍പ്പന്നങ്ങളും പ്രദാനം ചെയ്യുന്നു.

 

കരിയര്‍ വെലോസിറ്റി:  നൈപുണ്യ വികസനവും കരിയര്‍ മൊബിലിറ്റിയും ഫലപ്രദമായി നടപ്പാക്കുന്നതിനായി യു.എസ്.ടി ആവിഷ്‌ക്കരിച്ച ഒന്നാണ് കരിയര്‍ വെലോസിറ്റി. തൊഴിലുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് വ്യക്തിഗതമായ രീതിയില്‍ അവരുടെ കരിയര്‍ ഫലപ്രദമായി മുന്നോട്ട് പോകാന്‍  ഈ പ്ലാറ്റ്‌ഫോം സഹായകമാണ്. തൊഴില്‍ നൈപുണ്യത്തിന്റെ കാര്യത്തില്‍ ക്ലസ്റ്ററിംഗ് എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കാനും ഇതിലൂടെ സാധ്യമാകുന്നു.
 

യു.എസ്.ടി ഗ്യാരേജ് വെഞ്ചേഴ്‌സ്:  യു.എസ്.ടിയിലെ ജീവനക്കാരുടെ സംരംഭകത്വ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതിന് തടസമായ വിഷയങ്ങളെ മാറ്റി പോസീറ്റീവായ രീതിയില്‍ കാര്യങ്ങള്‍ കൊണ്ടു വരുന്നതുമാണ് ഗ്യാരേജ് വെഞ്ചേഴ്‌സിന്റെ ദൗത്യം. 
 

ജി.എ.മേനോന്‍ അക്കാദമി (ഗാമ): യു.എസ്.ടിയുടെ ലേണിംഗ്  ആന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപനമാണ് ജി.എ മേനോന്‍ അക്കാദമി. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി സാങ്കേതിക മേഖലയില്‍ ഒരു ഡിജിറ്റല്‍ ലേണിംഗ് കലണ്ടര്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജി.എ.മേനോന്‍ അക്കാദമി. 

അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, മലേഷ്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ യു.എസ്.ടിയെ മികച്ച തൊഴിലിടമായി അംഗീകരിച്ചു കഴിഞ്ഞു. കമ്പനിയെ 2021 ലെ മികച്ച തൊഴില്‍ദാതാവായി അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ, മെക്‌സിക്കോ, സ്‌പെയിന്‍, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തുന്ന ആഗോള സ്ഥാപനമായ ടോപ്പ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കമ്പനിയെ ഇതിനായി തെരഞ്ഞെടുത്തത്. യു.എസ്.ടി യു.കെയുടെ ടാലന്റ് പ്ലാന്‍ ടോപ്പ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികവിന്റെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2020 ല്‍ ജോലി ചെയ്യാനുള്ള 100 മികച്ച സ്ഥലങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതിന് ഗ്ലാസ്‌ഡോര്‍ എംപ്ലോയീസ് ചോയിസ് അവാര്‍ഡ് നല്‍കി യു.എസ്.ടി.യെ ആദരിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ വര്‍ദ്ധിച്ച് വരുന്ന ആവശ്യം പരിഗണിച്ചും ഡിജിറ്റല്‍ മേഖലയിലെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും   യു.എസ്.ടി പതിനായിരത്തോളം ജീവനക്കാരെ പുതിയതായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റല്‍ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ ക്രമാനുഗതമായ വളര്‍ച്ചക്കും ഇത് ഏറെ സഹായകരമാകുമെന്ന് ഉറപ്പാണ്. ഡിജിറ്റല്‍ ടെക്‌നോളജി ലീഡേഴ്‌സ് അവാര്‍ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക : https://event.computing.co.uk 

Tags