24 മണിക്കൂറിനിടെ 18,653 കേസുകൾ; രാജ്യത്ത് രോഗബാധിതർ ആറു ലക്ഷത്തിലേക്ക്

24 മണിക്കൂറിനിടെ 18,653 കേസുകൾ; രാജ്യത്ത് രോഗബാധിതർ ആറു ലക്ഷത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 18,653 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 357 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഡെത്ത് ഓഡിറ്റിലൂടെ 150 പേരുടെ മരണം കൂടി കണക്കില്‍ ചേര്‍ത്തു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 5,85,493 ആയി. മരണം 17,000 കടന്നു. നിലവിൽ 2,20,114 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 3,47,979 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് കോവിഡ് മരണം കുത്തനെ ഉയരുകയാണ്. 17,400 പേർക്കാണ് മഹാമാരിയിൽ ജീവൻ നഷ്ടമായത്. ആയിരത്തിലേറെ മരണം മൂന്നുദിവസം കൊണ്ടാണ് ഉണ്ടായത്. അതേസമയം രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഉയരുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. 24 മണിക്കൂറിനിടെ 13,157 പേരാണ് രോഗമുക്തരായത്. ആകെ 3,47,978 പേർ ഇതുവരെ രോഗമുക്തി നേടി. 59.43 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന 59.07 ശതമാനം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 4878 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,761 ആയി. ചൊവ്വാഴ്ച 245 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 95 പേര്‍ മരിച്ചത് കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ്. ഇന്നലെ റിപ്പോര്‍ട്ടു ചെയ്തതില്‍ 150 മരണം ഇതിന് മുമ്പുള്ള ദിവസങ്ങളിലേതാണ്. 4.49 ശതമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്.

അതേസമയം, തമിഴ്‌നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 90000 കടന്നു. ഡല്‍ഹിയില്‍ 87000 ലധികം കോവിഡ് രോഗികളുണ്ട്. തെലങ്കാനയില്‍ രോഗികളുടെ എണ്ണം 16000 കടന്നു.