പതിനാറുകാരന് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; തൃശൂരില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

rape
 

തൃശൂർ: തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാർഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർഥി മാനസികപ്രശ്നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാര്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. 

തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.  കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് സമ്മതിച്ചു.

കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ  റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍‌ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.

പോക്സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് ചട്ടം. പ്രത്യേകിച്ച്, ഈ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികളെല്ലാം മാനസിക വിഷമം നേരിടേണ്ടി വരും. ഇക്കാരണത്താല്‍, പ്രതിയുടെ പേരോ സ്ഥലമോ വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.