കൊറിയർ വഴി വന്നത് 31 കിലോ കഞ്ചാവ്; വാങ്ങാനെത്തിയവരെ പിടികൂടി പൊലീസ്

ആ​ല​പ്പു​ഴയില്‍ കാ​റി​നു​ള്ളി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
 

കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ കുന്നുവഴിയിലാണ് കൊറിയര്‍ വഴി പാഴ്സലായി കഞ്ചാവെത്തിയത്. 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോതമംഗലം തെങ്ങളം കാരോട്ടു പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ (27), മാറമ്പിള്ളി എംഇഎസ് കോളജ് റോഡില്‍ പത്തനായത്ത് വീട്ടില്‍ അര്‍ഷാദ് (35) എന്നിവരെ പൊലീസ് പിടികൂടി.

ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് പാര്‍സല്‍ വഴി കേരളത്തില്‍ എത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പാഴ്‌സല്‍ വാങ്ങാനെത്തിയ പ്രതികളെ കാത്തുനിന്ന പോലീസ് സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു.

മൂന്ന് വലിയ പാഴ്‌സലുകള്‍ ആയാണ് കഞ്ചാവ് എത്തിയിട്ടുള്ളത്. ഈയിടെ അങ്കമാലിയിലും ആവോലിയിലെ ഒരു വാടക വീട്ടിലും പോലീസ് കഞ്ചാവ് പിടികൂടിയിരുന്നു. ഈ കഞ്ചാവും ആന്ധ്രയില്‍നിന്ന് കൊണ്ടുവന്നതാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് എസ്പി വ്യക്തമാക്കി.