എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച 72-കാരന് 65 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും

72
 

പാലക്കാട്: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 72കാരനായ പ്രതിക്ക് 65 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 

ഒറ്റപ്പാലത്ത് ആണ് സംഭവം. കുട്ടിയുടെ ബന്ധുകൂടിയായ മുളത്തൂര്‍ സ്വദേശി അപ്പുവാണ് കേസിലെ പ്രതി.

കേസിനാസ്പദമായ സംഭവം നടന്നത് 2020ലാണ്. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ പ്രതി അപ്പു വീട്ടിലെ അടുക്കളയില്‍ വെച്ച് എട്ട് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് അന്വേഷണം പൂര്‍ത്തീകരിച്ചത്.

രണ്ടുലക്ഷം രൂപ അതിജീവിതയുടെ കുടുംബത്തിന് നല്‍കാനും പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് പെണ്‍കുട്ടിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷാ വിജയകുമാറാണ് ഹാജരായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.