വീട്ടിൽ കയറി 14കാരനെ തട്ടിക്കൊണ്ടു പോയ തമിഴ് സംഘം പിടിയിൽ;കുട്ടി അബോധാവസ്ഥയിൽ

kidnapping
 കൊല്ലം കൊട്ടിയത്ത് വീട്ടിൽ കയറി 14കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയ തമിഴ് സംഘം പിടിയിൽ. കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ പാറശ്ശാലയിൽ വെച്ച് സംഘത്തെ പിടികൂടിയിരുന്നു. 

കുട്ടി അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ട വൈകുന്നേരം മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഘം വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് തടഞ്ഞ അയൽവാസിയേയും ബന്ധുക്കളേയും സംഘം അടിച്ചു വീഴ്ത്തിയിരുന്നു. പരാതി ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. 

തമിഴ്നാട് സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കാറുമായാണ് സംഘം എത്തിയത് . പോലീസിന് വിവരം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പാറശ്ശാലയിൽവെച്ച് സംഘത്തെ തടഞ്ഞു. ഈ സമയം കാറ് ഉപേക്ഷിച്ച് സംഘത്തിലെ രണ്ട് പേർ കുട്ടിയുമായി ഓട്ടോയിൽ രക്ഷപെടാൻ ശ്രമിച്ചിരുന്നു. 9പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നത്. ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവർക്കായി അന്വേഷണം നടക്കുകയാണ്. 

 പിന്നില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കുന്നതിനായി ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു  സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് സൂചിപ്പിച്ചു.