പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിതാവ് അറസ്റ്റിൽ

rape
 പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റിലായി. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലാണ് സംഭവം. 44കാരനായ പ്രതി കഴിഞ്ഞ പത്ത് മാസമായി കുട്ടിയെ  ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എട്ടാംക്ലാസ്‌കാരിയായ കുട്ടി ഈ മാസം രണ്ടിന് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 

13കാരിയായ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ വെല്ലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ ആശുപത്രി അധികൃതര്‍ വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചു. തുടര്‍ന്നാണ് വെല്ലൂര്‍ ഓള്‍-വുമണ്‍ പോലീസില്‍ പരാതി ലഭിച്ചത്. ആശുപത്രിയിലെത്തിയ പൊലീസ് സംഘം കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പിതാവ് തുടര്‍ച്ചയായി പീഡിപ്പിച്ചതായി വിവരം പുറത്തറിഞ്ഞത്. 

കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. കുട്ടിയും സഹോദരനും മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി പാകം ചെയ്ത ഭക്ഷണം നല്‍കാനായി പെണ്‍കുട്ടി എല്ലാ ദിവസവും പിതാവിനെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്തായിരുന്നു പീഡനം. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നല്‍കി.

പ്രതിയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.