തിരുവനന്തപുരത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

knife
 

തിരുവനന്തപുരം: മുടവൂർപ്പാറയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കേളേശ്വരം സ്വദേശി രാജീവിനാണ് കുത്തേറ്റത്. കാക്കാമൂല സ്വദേശികളായ സച്ചുവും അഖിലുമാണ് ആക്രമിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. 

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബാലരാമപുരത്തെ ഒരു കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സമയത്തായിരുന്നു രണ്ടംഗ സംഘമെത്തി രാജീവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. കത്തിയും വാളും ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ‌രാജീവിന്റെ വയറ്റിലാണ് കുത്തേറ്റത്. കുത്തേറ്റ യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികള്‍ രാജീവിനെ അക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

ഗുരുതരമായി പരിക്കേറ്റ രാജീവ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, കുത്തിയതിനു പിന്നാലെ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ട പ്രതികളെ പിടികൂടാനായില്ല.

സംഭവത്തിൽ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.