ആറ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും

criminal
 

കൊച്ചി : ആറ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും. കളമശ്ശേരി ഐശ്വര്യ നഗര്‍ കൊല്ലമുറി വീട്ടില്‍ രമേശനെയാണ് (65) എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ.സോമന്‍ ശിക്ഷിച്ചത്.

2019 ജനുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയെ മിഠായി നല്‍കി വശീകരിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമത്തന് ഇരയാക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭയന്നുപോയ കുട്ടി കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചതോടെയാണ് കേസായത്. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിമ പ്രകാരവും, പോക്‌സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കുവാനും കോടതി നിര്‍ദേശിച്ചു.

കുട്ടിയുടെ മുത്തച്ഛന്റെ മാത്രം പ്രായമുള്ള പ്രതി തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് കുട്ടിക്കെതിരെ ഇത്തരത്തിലുള്ള അതിക്രമത്തിന് മുതിര്‍ന്നതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തില്‍ നിരീക്ഷിച്ചു. കളമശ്ശേരി സി.ഐ.പി. ആര്‍. സന്തോഷാണ് പ്രതിക്കെതിരെ കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.